
ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രാഷ്‌ട്രപതി ഭവനിൽ നിന്ന് ജൻപഥ് റോഡിലെ 12-ാം നമ്പർ വസതിയിലേക്ക് മാറി.രാഷ്‌ട്രപതി ഭവനിലെ ഔദ്യോഗിക ചടങ്ങുകൾക്കുശേഷം രാഷ്‌ട്രപതി മുർമുവിനൊപ്പമാണ് പുതിയ വീട്ടിലെത്തിയത്.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ താമസിച്ചിരുന്ന വീടാണിത്. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, വി.കെ.സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവരും എത്തിയിരുന്നു.
സന്താൾ കൈത്തറി
സാരിയിൽ മുർമു
സത്യപ്രതിജ്ഞാ ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ധരിച്ച സന്താൾ കൈത്തറി സാരിയും ഹിറ്റായി. വെള്ളയിൽ പച്ച ഡിസൈനുള്ള സാരിയാണ് ധരിച്ചിരുന്നത്. സന്താൾ ആദിവാസി വിഭാഗത്തിന്റെ തനത് ഉൽപന്നമായ സന്താൾ സാരി ഒഡീഷയിലും ജാർഖണ്ഡ്, പശ്‌ചിമബംഗാൾ, ബിഹാർ സംസ്ഥാനങ്ങളിലും സ്‌ത്രീകൾ പ്രത്യേക അവസരങ്ങളിൽ ധരിക്കാറുണ്ട്. മുർമുവിന് സത്യപ്രതിജ്ഞാ ചടങ്ങിൽ ധരിക്കാനുള്ള സന്താൾ സാരി അടുത്ത ബന്ധുവായ സുക്രി തുഡു ഒഡീഷയിൽ നിന്നു കൊണ്ടുവന്നതാണ്. മുർമുവിന്റെ മകൾ ഇതിശ്രീയും ഭർത്താവ് ഗണേശ് ഹെബ്രാമും സത്യപ്രതിജ്ഞ വീക്ഷിക്കാനുണ്ടായിരുന്നു.
ഖാർഗെയ്ക്ക് മുൻനിര
ഇരിപ്പിടം നൽകിയില്ല
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജ്ജുന ഖാർഗെയ്‌ക്ക് മുൻനിരയിൽ ഇരിപ്പിടം അനുവദിച്ചില്ലെന്ന് പരാതി. പ്രോട്ടോക്കോളും ചട്ടങ്ങളും പാലിച്ചിക്കാതെ മുതിർന്ന നേതാവിനെ അവഹേളിച്ചെന്ന് കോൺഗ്രസ് രാജ്യസഭാഅദ്ധ്യക്ഷന് നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, ചട്ടപാലിച്ചാണ് ഇരിപ്പിടം നൽകിയതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം പ്രതിപക്ഷ നേതാവിന് മൂന്നാം നിരയിലാണ് ഇരിപ്പിടം. എന്നാൽ മല്ലികാർജ്ജുന ഖാർഗെയോടുള്ള ബഹുമാനാർത്ഥം അദ്ദേഹത്തിന് മുൻനിരയിൽ ഇരിപ്പിടം നൽകിയിരുന്നു. അത് മൂലയ്‌ക്കാണെന്ന് പറഞ്ഞ് അദ്ദേഹം അവിടെ ഇരിക്കാൻ തയ്യാറായില്ല. ഉദ്യോഗസ്ഥർ മധ്യഭാഗത്ത് ഇരിപ്പിടം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തെങ്കിലും ഖാർഗെ വഴങ്ങിയില്ലെന്നും ജോഷി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാംനാഥ് കോവിന്ദിനുള്ള വിടവാങ്ങൽ ചടങ്ങിൽ പ്രധാനമന്ത്രിക്ക് സമീപമുള്ള ഇരിപ്പിടത്തിൽ ഇരിക്കാനും ഖാർഗെ തയ്യാറായില്ലെന്നും അത് മുൻരാഷ്‌ട്രപതിയെ അവഹേളിക്കുന്നതിന് തുല്യമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.