
ന്യൂഡൽഹി: നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതിനെതിരെ പ്ളക്കാർഡുമായി പ്രതിഷേധിച്ചതിന് കോൺഗ്രസ് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യഹരിദാസ്, മണിക്കം ടാഗോർ, ജോതിമണി എന്നിവരെ ലോക്‌സഭാ സ്‌പീക്കർ ഓം ബിർള സസ്‌പെൻഡ് ചെയ്‌തു. ആഗസ്റ്റ് 12 വരെ നീളുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇനി ഇവർക്ക് സഭയിൽ കടക്കാനാകില്ല.
പുതിയ രാഷ്‌ട്രപതിയുടെ സത്യപ്രതിജ്ഞ കാരണം ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിക്ക് ചേർന്ന പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ജി.എസ്.ടി വിഷയം ഉന്നയിച്ച് പ്ളക്കാർഡുകളുമായി പ്രതിഷേധിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി ചുമത്തിയതും പാചകവാതക വിലയടക്കം കുത്തനെ കൂട്ടിയതും സൂചിപ്പിക്കുന്ന പ്ളക്കാർഡുകളുമായി കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചപ്പോൾ നടപടിയുണ്ടാകുമെന്ന് സ്‌പീക്കർ മുന്നറിയിപ്പ് നൽകിയിരുന്നു. മറ്റു നടപടികൾ നിറുത്തി വച്ച് വിലക്കയറ്റം ചർച്ച ചെയ്യണമെന്ന ആവശ്യം അദ്ദേഹം അംഗീകരിച്ചില്ല.
ബഹളത്തെ തുടർന്ന് ലോക്‌സഭയും രാജ്യസഭയും മൂന്നു മണി വരെ നിറുത്തിവച്ചിരുന്നു. മൂന്നിന് ലോക്‌സഭ വീണ്ടും ചേർന്നപ്പോഴും പ്ളക്കാർഡുകൾ ഉയർത്തിയ നാല് അംഗങ്ങളെ പുറത്താക്കണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി കൊണ്ടുവന്ന പ്രമേയം സഭ ശബ്‌ദവോട്ടോടെ അംഗീകരിച്ചു.. ഇതോടെ സഭാന്തരീക്ഷം കൂടുതൽ ബഹളമയമാകുകയും ഇന്നത്തേക്ക് പിരിയുകയുമായിരുന്നു.