bsnl-

ന്യൂഡൽഹി: സ്വകാര്യ മേഖലയോടുള്ള മത്സരത്തിൽ അടി പതറി നഷ്‌ടത്തിലേക്ക് കുപ്പുകുത്തിയ ബി.എസ്.എൻ.എല്ലിനായി 1.64 ലക്ഷം കോടിയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

ആധുനികവും തദ്ദേശീയവുമായ സാങ്കേതികവിദ്യ വികസിപ്പിച്ചും പുതിയ 4 ജി സ്‌പെക്‌ട്രം അടക്കം അനുവദിച്ചും ബി.എസ്.എൻ.എല്ലിന്റെ നഷ്‌ടം നികത്തുകയും,ടെലികോം സേവനങ്ങൾ വിപുലീകരിക്കുകയുമാണ് പ്രധാന ലക്ഷ്യം. ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബി.എസ്.എൻ.എല്ലിൽ ലയിപ്പിച്ച് ഫൈബർ ശൃംഖല വർദ്ധിപ്പിക്കും.

സേവനങ്ങളുടെ നവീകരണം

 44,993 കോടി ചെലവിൽ 900/1800 മെഗാഹെർട്‌സ് ബാൻഡിൽ 4ജി സ്‌പെക്ട്രം. ഓഹരി പങ്കാളിത്തത്തിലൂടെ തുക ലഭ്യമാക്കും.

 സ്വകാര്യ മേഖലയുമായി മത്സരിക്കാനും ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും കഴിയും.

 22,471 കോടിയുടെ സാമ്പത്തിക സഹായം: 4ജി സേവനത്തിനുള്ള സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതി മൂലധനച്ചെലവായി കേന്ദ്ര സർക്കാർ നൽകും.

 ഗ്രാമങ്ങളിലെ വയർലെസ് സേവനങ്ങൾക്ക് 13,789 കോടിയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ്: ഗ്രാമീണ/വിദൂര മേഖലകളിൽ സർക്കാരിന് നൽകുന്ന വാണിജ്യേതര സേവനങ്ങൾക്ക് സഹായം.

 അംഗീകൃത മൂലധനം 1,50,000 കോടിയാക്കും: നിലവിൽ 40,000 കോടി

ബാധ്യതകൾ കുറയ്ക്കൽ

 40,399 കോടിയുടെ ദീർഘകാല ബോണ്ടുകൾക്ക് കേന്ദ്രസർക്കാർ ഗാരന്റി-നിലവിലുള്ള കടം പുനഃക്രമീകരിക്കുന്നതിനും ആസ്തിബാദ്ധ്യതകളുടെ സമ്മർദ്ദം കുറയ‌്‌ക്കാനും സഹായിക്കും.

 33,404 കോടി എ.ജിആർ കുടിശ്ശിക തീർക്കാൻ കേന്ദ്ര സഹായം. ബാദ്ധ്യത ഓഹരിയാക്കി മാറ്റും.

 7,500 കോടിയുടെ മുൻഗണനാ ഓഹരികൾ കേന്ദ്രസർക്കാരിന് കൈമാറും.