dopping

 ദേശീയ ആന്റി ഡോപിംഗ് ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി: മരുന്നടി വിവാദം ഇന്ത്യൻ കായികരംഗത്തിന് വീണ്ടും നാണക്കേടുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യൻ കായികമേഖലയെ ഉത്തേജക മരുന്നടി വിമുക്തമാക്കാൻ ലക്ഷ്യമിട്ടും നാഷണൽ ആന്റി ഡോപിംഗ് ഏജൻസിയെ(നാഡ) സ്വയംഭരണാവകാശമുള്ള സ്ഥാപനമാക്കാനും വ്യവസ്ഥകളുള്ള ദേശീയ ആന്റി ഡോപിംഗ് ബിൽ ലോക്‌സഭ പാസാക്കി.

ബില്ലിലെ വ്യവസ്ഥകൾ:

 ബില്ലിന്റെ ലക്ഷ്യം: അത്‌ലറ്റുകൾ, പരിശീലകർ, ഡോക്‌ടർമാർ, ടീം മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവർ നിരോധിക്കപ്പെട്ട മരുന്നുകൾ ഉപയോഗിക്കുന്നതും കടത്തുന്നതും തടയൽ. നിരോധിക്കപ്പെട്ട മരുന്നുകളുടെ സാന്നിധ്യം അത്‌ലറ്റുകളുടെ ശരീരത്തിൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കൽ, സാമ്പിൾ നൽകാൻ പ്രോത്സാഹിപ്പിക്കൽ.

 മെഡിക്കൽ ആവശ്യങ്ങൾക്കായി മരുന്ന് ഉപയോഗിക്കേണ്ടി വന്നാൽ നാഡയുടെ അനുമതിതേടണം.

മരുന്നടി തെളിഞ്ഞാൽ അത്‌ലറ്റുകൾക്ക് അയോഗ്യത. മെഡലും പോയിന്റും സമ്മാനങ്ങളും തിരിച്ചെടുക്കും. നിശ്‌ചിതകാല വിലക്ക്.

 നാഡ: മരുന്നടി വിരുദ്ധ നിയമങ്ങൾ നടപ്പാക്കാനുള്ള നാഡയ്‌ക്ക് സ്വയംഭരണം. കേന്ദ്ര സർക്കാർ നിയമിക്കുന്ന ഡയറക്‌ടർ ജനറൽ നിലവിൽ സൊസൈറ്റിയായി പ്രവർത്തിക്കുന്ന നാഡയുടെ മേധാവിയാകും. മരുന്നടി വിരുദ്ധ പരിപാടികൾ ആസൂത്രണം ചെയ്യലും പരാതികളിൽ അന്വേഷണം നടത്തലും ചുമതല. അത്‌ലറ്റുകളുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാൻ അധികാരം.

 കേന്ദ്രസർക്കാരിന് മരുന്നടി വിരുദ്ധ നിയന്ത്രണങ്ങൾ സംബന്ധിച്ച ശുപാർശ നൽകാൻ അദ്ധ്യക്ഷനും രണ്ട് അംഗങ്ങളും അടങ്ങിയ ആന്റി ഡോപിംഗ് നാഷണൽ ബോർഡ്. ബോർഡിന് കീഴിൽ ഒരു അദ്ധ്യക്ഷനും നിയമവിദഗ്‌ദ്ധരായ നാല് ഉപാദ്ധ്യക്ഷൻമാരും 10 അംഗങ്ങളും(മെഡിക്കൽ വിദഗ്‌ദ്ധരും വിരമിച്ച കളിക്കാരും)അടങ്ങിയ അച്ചടക്ക സമിതി.

 നിലവിലെ നാഷണൽ ഡോപ് ടെസ്റ്റിംഗ് ലാബിന് പ്രിൻസിപ്പൽ ലാബായി അംഗീകാരം. കേന്ദ്ര സർക്കാരിന് കൂടുതൽ ലാബുകൾ സ്ഥാപിക്കാൻ അധികാരം.