rajyasabha

ന്യൂഡൽഹി: സഭയിൽ അച്ചടക്കം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ എം.പിമാരായ സന്ദീപ് കുമാർ, സുശീൽ കുമാർ ഗുപ്‌ത, സ്വതന്ത്രൻ അജിത് കുമാർ ഭുയൻ എന്നിവരെക്കൂടി ഇന്നലെ സസ്‌പെൻഡ് ചെയ്‌തു. ഈയാഴ്‌ചത്തെ ബാക്കിയുള്ള ദിവസങ്ങളിലേക്കാണ് സസ്‌പെൻഷൻ. അച്ച‌ടക്ക ലംഘനം ആരോപിച്ച് 23 രാജ്യസഭ എം.പിമാരെയും നാല് ലോക്‌സഭാ എം.പിമാരെയുമാണ് മൺസൂൺ സമ്മേളനത്തിൽ ഇതുവരെ സസ്‌പെൻഡ് ചെയ്‌തത്. ഇതിൽ ലോക്‌സഭാ എം,പിമാർ ഒഴികെയുള്ളവരുടെ സസ്‌പെൻഷൻ കാലാവധി ഇന്നു തീരും.

സസ്‌പെൻഷനിലായ എം.പിമാർ ബുധനാഴ്ച തുടങ്ങിയ റിലേ സത്യഗ്രഹം തുടരുകയാണ്. പുരുഷ എം.പിമാർ രാത്രിമുഴുവൻ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ബാക്കി എം.പിമാരും പങ്കുചേർന്നു. മഴ പെയ്‌തതിനെ തുടർന്ന് പിന്നീട് പാർലമെന്റിന്റെ കവാടത്തിന് മുന്നിലേക്ക് മാറി. പ്രധാനമന്ത്രിയായി നരേന്ദ്രമോദി പാർലമെന്റിൽ ആദ്യ സന്ദർശനം നടത്തിയ ദിവസം തലകുമ്പിട്ട പടികൾക്ക് മുന്നിലാണ് അന്യായമായ നടപടിയുടെ പേരിൽ തങ്ങൾ പ്രതിഷേധിക്കുന്നതെന്ന് അവർ പറഞ്ഞു.

ജി.എസ്.ടി-വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷവും ആദിർ രഞ്ജൻ ചൗധരി രാഷ്‌ട്രപതിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ബി.ജെ.പി അംഗങ്ങളും പ്രതിഷേധിച്ചതിനാൽ ഇരുസഭകളും പ്രക്ഷുബ്‌ധമായി.