
ന്യൂഡൽഹി: ജഡ്ജിമാരെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ക്രിസ്ത്യൻ സമുദായത്തിനെതിരായ അക്രമവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴായിരുന്നു പ്രതികരണം.സുപ്രീംകോടതിയിൽ ക്രിസ്ത്യൻ സമുദായങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ വൈകുന്നു എന്ന വാർത്ത ഒരു ഓൺലൈൻ മാദ്ധ്യമത്തിൽ കണ്ടതായി ചീഫ് ജസ്റ്റിസ് എൻ. വി. രമണ നിരീക്ഷിച്ചിരുന്നു. കൊവിഡ് ബാധിച്ചതിനാലാണ് കേസ് പരിഗണിക്കാൻ വൈകിയതെന്നും അല്‌പം സാവകാശം വേണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ജഡ്ജിമാരെ ആക്രമിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും ജസ്റ്റിസ് സൂര്യകാന്ത് കൂടി ഉൾപ്പെട്ട ബെഞ്ച് വാദം കേൾക്കുമെന്നും അദ്ദേഹം അറിയിച്ചു.ബാംഗ്ലൂർ രൂപത ആർച്ച്ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോയും നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഒഫ് ഇന്ത്യയുമാണ് കോടതിയിൽ ഹർജി നൽകിയത്.