supreme-court

■ആറാഴ്ചയ്ക്ക് ശേഷം സുപ്രീം കോടതിയിൽ വിശദ വാദം

ന്യൂഡൽഹി: എസ്.എൻ കോളേജുകളിലെ 59 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്‌ത് എസ്.എൻ. കോളേജ് മാനേജ്‌മെന്റും അദ്ധ്യാപകരും നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ എസ്. ഓഖ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടക്കാല വിധി. നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് സർവീസിൽ തുടരാമെന്നും, തുടർ നിയമനങ്ങൾ നടത്തുമ്പോൾ ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്‌തിക ഒഴിച്ചിടണമെന്നും കോടതി ഉത്തരവിട്ടു. ആറാഴ്‌ചയ്‌ക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കും.

വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള എസ്.എൻ കോളേജുകളിൽ 2020ൽ നടത്തിയ 60 പേരുടെ നിയമനത്തിൽ ഭിന്നശേഷിക്കാർക്കുള്ള നാലു ശതമാനം സംവരണം പാലിച്ചില്ലെന്ന് കാട്ടി അനു ജയപാലെന്ന ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിയുണ്ടായത്. നിയമനങ്ങൾക്ക് സർവകലാശാലകൾ അംഗീകാരം നൽകിയ ശേഷമാണ് ഒരു ഇംഗ്ളീഷ് അദ്ധ്യാപക തസ്തികയിൽ നിയമനം നൽകണമെന്ന ആവശ്യവുമായി ഹർജിക്കാരി കോടതിയെ സമീപിച്ചത്. തുടർന്ന് 2021 സെപ്‌തംബർ 15ന് ഭിന്നശേഷിക്കാർക്ക് നാലു ശതമാനം സംവരണം ഉൾപ്പെടുത്തി എസ്.എൻ.കോളേജ് മാനേജ്‌മെന്റ് അദ്ധ്യാപക നിയമന വിജ്ഞാപനം പരിഷ്‌കരിച്ചിരുന്നു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് എല്ലാ നിയമനങ്ങളും റദ്ദാക്കി. മാനേജ്മെന്റും അദ്ധ്യാപകരും നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് ,സിംഗിൾ ബെഞ്ച് വിധി ശരിവച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

എസ്.എൻ കോളേജ് മാനേജ‌്മെന്റിനു വേണ്ടി മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്‌ണകുമാറും, അഭിഭാഷകരായ എ.എൻ. രാജൻബാബു, റോയി എബ്രഹാം എന്നിവരും അദ്ധ്യാപകർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.വി. വിശ്വനാഥൻ, അഭിഭാഷകൻ സിദ്ധാർത്ഥ ദേവ് എന്നിവരും ഹാജരായി.