
ന്യൂഡൽഹി: യു.എ.ഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിയുടെ മറന്നുവച്ച ബാഗ് തിരുവനന്തപുരത്തു നിന്ന് എത്തിക്കാൻ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യമന്ത്രാലയം. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാർ അനുമതി തേടിയില്ലെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്‌ജൻ സിംഗ് ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രനെ അറിയിച്ചു.
പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കേരള സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടില്ല. കേന്ദ്രസർക്കാരിന്റെ നിലവിലെ പ്രോട്ടോക്കാൾ പ്രകാരം സംസ്ഥാനങ്ങൾ വിദേശത്തു നിന്നുള്ള ഔദ്യോഗിക നടപടികൾ നടത്തേണ്ടത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണ്. വിദേശകാര്യ മന്ത്രാലയത്തിൻറ മുൻകൂർ അനുമതിയില്ലാതെ നയതന്ത്രജ്ഞർക്കോ ,വിദേശമിഷന് നേതൃത്വം നൽകുന്നവർക്കോ പരിപാടികൾ സജ്ജീകരിക്കാൻ അനുമതിയില്ല.