
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്നും ,ഒരിക്കൽ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീംകോടതിയിൽ ഹർജി നൽകി. സിനിമാ ലോകത്തെ ശത്രുതയും, മുൻ ഭാര്യയും അതിജീവിതയും തമ്മിലുള്ള ബന്ധവും തന്നെ കേസിൽപ്പെടുത്താനുള്ള കാരണമായെന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.
മലയാള സിനിമയിലെ ശക്തരും സ്വാധീനമുള്ളവരുമായ ചിലരുടെ വ്യക്തിവിരോധവും, തന്റെ മുൻഭാര്യയുമായി അടുത്ത ബന്ധമുള്ള, ഇപ്പോൾ ഡി.ജി.പി റാങ്കിലള്ള ഒരുന്നത പൊലീസ് ഓഫീസറുമാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചത്. ഏഴ് പ്രതികളെ അറസ്റ്റു ചെയ്യുകയും അവസാന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌ത ശേഷം തന്നെ കുടുക്കാൻ പിന്നീടാണ് കേസ് ചമച്ചത്. തനിക്കെതിരെ പുതിയ ഗൂഢാലോചനക്കഥ മെനഞ്ഞതാണ്.
ഈ ഗൂഢാലോചന പുറത്തുവരുമെന്ന് വ്യക്തമായതോടെയാണ് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ശ്രമം തുടങ്ങിയത്. കേസ് കൈകാര്യം ചെയ്യുന്ന ജഡ്‌ജിയെ മാറ്റണമെന്ന ആവശ്യവുമുണ്ടായി. തനിക്കെതിരെ തെളിവുകളില്ലെന്ന് ബോധ്യമായതോടെയാണ് 207 സാക്ഷികളെ വിസ്‌തരിച്ച് അവസാനഘട്ടമെത്തിയപ്പോൾ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടത്. സുപ്രീംകോടതി നിർദ്ദേശം പാലിച്ചിരുന്നെങ്കിൽ 2020 മേയ് 28നുള്ളിൽ വിചാരണ പൂർത്തിയാകുമായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ വൈകിക്കുന്നുവെന്നും ദിലീപ് ആരോപിക്കുന്നു. വിചാരണക്കോടതി ജഡ്ജിക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാനാണ് നീക്കം. തുടരന്വേഷണത്തിന്റെ പേരിൽ നടക്കുന്നത് മാധ്യമ വിചാരണയാണ്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച് അതിജീവിത മാദ്ധ്യമങ്ങളോട് സംസാരിച്ചത്
ഉചിതമല്ല. പുതിയ അന്വേഷണ റിപ്പോർട്ട് പരിഗണിക്കരുതെന്ന് നിർദ്ദേശം നൽകണമെന്നും ദീലീപ് ആവശ്യപ്പെടുന്നുണ്ട്.
മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ദിലീപിന് വേണ്ടി ഹാജരായേക്കും. നടിയെ ആക്രമിച്ച കേസ് പരിഗണിച്ചിരുന്ന ബെഞ്ചിലെ ജഡ്‌ജ് എ.എം. ഖാൻവിൽക്കർ വിരമിച്ചതിനാൽ ഹർജി പുതിയ ബെഞ്ചിലേക്ക് മാറും.