
ന്യൂഡൽഹി: പി.ഡി.പി നേതാവ് അബ്‌ദുൾ നാസർ മഅ്ദനി പ്രതിയായ ബംഗളൂരു സ്‌ഫോടന കേസിന്റെ അന്തിമ വാദം സുപ്രീം കോടതി സ്റ്റേ ചെയ്തു. പുതിയ തെളിവുകൾ പരിഗണിക്കണമെന്ന കർണാടക സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് സ്റ്റേ.
ഫോൺ റെക്കോർഡിംഗ് അടക്കം പുതിയ തെളിവുകൾ പരിഗണിക്കാൻ വിചാരണ കോടതിയോട് നിർദേശിക്കണമെന്ന ആവശ്യം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി അബ്ദുൾ നാസർ മഅ്ദനി, തടിയന്റവിട നസീർ ഉൾപ്പടെ 21 പ്രതികൾക്ക് നോട്ടീസ് അയച്ചു.
വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവുകൾ പരിഗണിക്കാൻ കഴിയില്ലെന്നാണ് പ്രതികളുടെ വാദം. തെളിവുകൾ കുറ്റപത്രം നൽകിയ സമയത്ത് ഹാജരാക്കണമായിരുന്നു. പുതിയ തെളിവുകൾ ഇനി അനുവദിച്ചാൽ സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടി വരും.
വിചാരണ അനന്തമായി നീട്ടാനാണ് കർണാടക സർക്കാരിന്റെ ശ്രമമെന്ന് പി.ഡി. പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ആരോപിച്ചു.