brittas

ന്യൂഡൽഹി:കൊച്ചുവേളിയിൽ രണ്ടാം കോച്ചിംഗ് ടെർമിനൽ ഉള്ളതിനാൽ നേമത്ത് ടെർമിനൽ ആവശ്യമില്ലെന്ന് രാജ്യസഭയിൽ അറിയിച്ച റെയിൽവേ ഇക്കാര്യത്തിൽ മാറ്റമുണ്ടെങ്കിൽ രേഖാമൂലം അറിയിക്കണമെന്ന് ജോൺ ബ്രിട്ടാസ് എം.പി പറഞ്ഞു. ആവശ്യമായ ഭൂമി റെയിൽവേയുടെ പക്കലുണ്ടായിരിക്കെ,​117കോടി രൂപ മാത്രം വേണ്ടിവരുന്ന നേമം പദ്ധതി ഉപേക്ഷിച്ചതിന്റെ കാരണം കേന്ദ്രമന്ത്രി പറയണം. ബി.ജെ.പിയും റെയിൽവേ മന്ത്രാലയവും അപഹാസ്യമായ രാഷ്ട്രീയനാടകം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പദ്ധതി ഉപേക്ഷിച്ച നടപടി പിൻവലിക്കണം എന്ന തന്റെ ആവശ്യത്തിന് മന്ത്രി മറുപടി നൽകിയിട്ടില്ല.ഒരു പതിറ്റാണ്ടു മുമ്പ് ബജറ്റിൽ പ്രഖ്യാപിച്ചതാണ് പദ്ധതി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് അന്നത്തെ റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ വീഡിയോ കോൺഫറൻസിലൂടെയാണ് തറക്കല്ലിട്ടത്. രാജ്യസഭയിലെ ചോദ്യങ്ങൾക്ക് ‘പദ്ധതിരേഖ പരിഗണനയിൽ’ എന്ന മറുപടിയാണ് ഇപ്പോഴത്തെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയത്. തുടർന്നാണ് രാജ്യസഭാ അദ്ധ്യക്ഷൻ ഇടപെട്ട് വ്യക്തമായ മറുപടി നല്കാൻ റെയിൽവേ മന്ത്രാലയത്തോട് നിർദ്ദേശിച്ചത്. അതോടെ ഒളിച്ചുകളി അവസാനിപ്പിച്ച റെയിൽവേ,​ പദ്ധതി ഉപേക്ഷിക്കുകയാണെന്ന മേയ് മാസത്തിലെ ഓഫീസ് മെമ്മോറാണ്ടം രാജ്യസഭാ സെക്രട്ടേറിയറ്റ് മുഖേന നൽകി. കൊച്ചുവേളി ഉള്ളതിനാൽ നേമം ടെർമിനൽ ആവശ്യമില്ലെന്ന മുടന്തൻ ന്യായമാണ് പറയുന്നത്.
നേമം പദ്ധതി ഇല്ലാതാകുമെന്ന് ഉറപ്പായതോടെ മുഖം നഷ്ടപ്പെട്ട ബി.ജെ.പി നേതൃത്വം മറ്റൊരു കള്ളക്കളിയുടെ ഭാഗമായാണ് കേന്ദ്ര മന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തിയത്. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. അതേസമയം സംസ്ഥാനമന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർക്ക് കൂടിക്കാഴ്‌ച നിഷേധിച്ചു.

രാഷ്ട്രീയനാടകങ്ങൾ അവസാനിപ്പിച്ച് സുതാര്യമായ നടപടികൾക്കു മുതിരാൻ കേന്ദ്ര ഭരണകക്ഷിയും റെയിൽവേ മന്ത്രാലയവും സന്നദ്ധമാകണമെന്നും ജോൺ ബ്രിട്ടാസ് എം. പി. ആവശ്യപ്പെട്ടു.