
ന്യൂഡൽഹി: നിയമസഹായം കിട്ടാതെ ജയിലുകളിൽ കഴിയുന്ന വിചാരണത്തടവുകാർക്ക് പിന്തുണ നൽകാനുള്ള ചുമതല ജില്ലാ ലീഗൽ സർവീസസ് അതോറിട്ടികൾക്ക് ഏറ്റെടുക്കാനാകുമെന്നും മോചനം വേഗത്തിലാക്കാൻ റിവ്യൂ കമ്മിറ്റികളുടെ അദ്ധ്യക്ഷന്മാരെന്ന നിലയിൽ ജില്ലാ ജഡ്ജിമാർ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിചാരണത്തടവുകാരുടെ പ്രശ്നത്തിൽ കർശനമായ ഇടപെടൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി കൂടുതൽ അഭിഭാഷകരെ പങ്കാളികളാക്കാനും ബാർ കൗൺസിലുകളോട് ആവശ്യപ്പെട്ടു. സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയ്‌ക്കുള്ള പ്രാധാന്യം നീതി നിർവഹണത്തിലും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ പ്രഥമ അഖിലേന്ത്യാ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
''സൗജന്യ നിയമസഹായത്തിനുള്ള അവകാശം'' എന്ന സ്മരണിക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.
കഴിഞ്ഞ എട്ട് വർഷമായി രാജ്യത്തെ നീതിന്യായവ്യവസ്ഥയ്ക്ക് വേണ്ടതായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇന്ത്യൻ നീതിന്യായവ്യവസ്ഥ പുരാതന മൂല്യങ്ങളെ ചേർത്തുപിടിക്കുന്നതെോടൊപ്പം വർത്തമാനകാല യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ്.
രാജ്യത്താകെ 676 ലീഗൽ സർവീസ് അതോറിറ്റികളാണുള്ളത്. ഭരണഘടന നൽകുന്ന അവകാശങ്ങളേയും കടമകളേയും നിയമങ്ങളേയും കുറിച്ച് സാധാരണക്കാരെ ബോധവത്‌ക്കരിക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഘട്ടത്തിൽ സമ്മേളനം സംഘടിപ്പിച്ചതിന് ദേശീയ ലീഗൽ സർവീസസ് അതോറിട്ടിയെ (നാൽസ) പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന ജില്ലാ ജുഡിഷ്യൽ ഒാഫീസർമാരിലൂടെയാണ് നീതിനിർവഹണത്തെക്കുറിച്ചുള്ള പൊതുഅഭിപ്രായം രൂപപ്പെടുന്നതെന്ന് ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു. ജില്ലാ ജുഡിഷ്യറിയെ ശാക്‌തീകരിക്കണമെന്നും നീതിനിർവഹണത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ മൂലം വലിയൊരു വിഭാഗം ജനങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറിവില്ലായ്‌മ കൊണ്ട് അവർ നിശ്ശബ്‌ദരാകുകയാണ്. ഇക്കാര്യത്തിൽ ലീഗൽ സർവീസസ് അതോറിറ്റിക്ക് ജനങ്ങളെ ഏറെ സഹായിക്കാനാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർ, ലീഗൽ സർവീസസ് അതോറിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.