liquor

ന്യൂഡൽഹി: ലൈസൻസ് അനുവദിക്കുന്നതിലടക്കം ക്രമക്കേടുകളുണ്ടെന്ന് ആരോപണമുയർന്നതോടെ സ്വകാര്യ മേഖലയിൽ മാത്രമായി ചില്ലറ വില്പനശാലകൾ അനുവദിച്ച പുതിയ മദ്യനയം ഡൽഹി സർക്കാർ മരവിപ്പിച്ചു. ആഗസ്റ്റ് ഒന്നുമുതൽ പഴയതുപോലെ സർക്കാർ ഔട്ട്‌ലെറ്റുകളിൽ മദ്യ വിതരണം തുടങ്ങും. ഇതോടെ ഇന്ന് ലൈസൻസ് കാലാവധി തീരുന്ന 468 ഔട്ട്‌ലെറ്റുകൾ പൂട്ടും. പകരം സർക്കാർ നേരിട്ട് നടത്തുന്ന ചില്ലറ വില്പനശാലകളിലൂടെ മദ്യം വിതരണം ചെയ്യും. 2021 നവംബർ 17നാണ് പുതിയ മദ്യനയം നിലവിൽ വന്നത്. ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് ആരോപിച്ച് ലെഫ്. ഗവർണർ വി.കെ. സക്‌സേന സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തിരുന്നു.

പുതിയ മദ്യനയത്തെ എതിർക്കുന്ന ബി.ജെ.പി ഡൽഹിയിൽ ഗുജറാത്തിലേതു പോലെ വ്യാജമദ്യം ഒഴുക്കാൻ ശ്രമിക്കുകയാണെന്ന് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി ലൈസൻസിനുള്ള ലേലത്തിൽ നിന്ന് വ്യാപാരികളെ പിന്തിരിപ്പിച്ചു. ഡൽഹിയിൽ മദ്യത്തിന് ക്ഷാമമുണ്ടാക്കി വ്യാജമദ്യം ഒഴുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. പുതിയ മദ്യനയം നടപ്പായ ശേഷം സർക്കാരിന് 3500 കോടി രൂപ അധിക വരുമാനം ലഭിച്ചെന്നും ലൈസൻസ് അനുവദിക്കുന്നതിൽ അഴിമതി ഇല്ലാതായെന്നും സിസോദിയ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ ഗുരുഗ്രാമിൽ 466 പേർക്ക് ഒരു മദ്യഷോപ്പുള്ളപ്പോൾ ഡൽഹിയിൽ 468 ഷോപ്പുകളാണുള്ളത്. 41,192 പേർക്ക് ഒന്ന് എന്ന തോതിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.