
പ്രൊഫൈൽ നാളെ മുതൽ
ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ 75ാം വാർഷികം ആഘോഷിക്കാൻ ദേശീയ പതാക ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ വീടുകളിൽ മൂന്നു ദിവസം ഉയർത്താനും
രണ്ടാഴ്ച സമൂഹ മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രമാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.
നാളെ മുതൽ 15 വരെയാണ് പ്രൊഫൈൽ ചിത്രമാക്കേണ്ടത്.
ആഗസ്റ്റ് 13,14,15 തീയതികളിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹർ ഘർ തിരംഗ ( ഓരോ വീട്ടിലും ത്രിവർണം ) കാമ്പെയിനിലാണ് വീടുകളിൽ ദേശീയ പതാക ഉയർത്തുന്നത്.
ഇന്നലെ മൻ കീ ബാത്ത് റേഡിയോ
പ്രഭാഷണത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണിത്.
ദേശീയ പതാക രൂപകൽപ്പന ചെയ്‌ത പിംഗളി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്റ്റ് 2 മുതൽ 15 വരെയാണ് ത്രിവർണ പതാക പ്രൊഫൈൽ ചിത്രമാക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ ട്രെയിൻ
സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ റെയിൽവേയുടെ പങ്ക് ജനങ്ങളെ അറിയിക്കുന്ന ആസാദി കി റെയിൽ ഗാഡി ഔർ റെയിൽവേ സ്റ്റേഷൻ പരിപാടിയും പ്രധാനമന്ത്രി പരാമർശിച്ചു. 24 സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 75 റെയിൽവേ സ്റ്റേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ വഞ്ചി മണിയാച്ചി ജംഗ്ഷൻ ഇതിലൊന്നാണ്. തമിഴ്‌നാട്ടിലെ സ്വാതന്ത്ര്യ സമര സേനാനി വഞ്ചിനാഥന്റെ പേരിലാണ് ഈ സ്റ്റേഷനെന്നും പ്രധാനമന്ത്രി പറഞ്ഞു.
'' ത്രിവർണ്ണ പതാക രൂപകല്പന ചെയ്ത പിംഗളി വെങ്കയ്യയുടെ ജന്മദിനമാണ് ആഗസ്റ്റ് 2. അദ്ദേഹത്തിന് പ്രണാമം. വലിയ വിപ്ലവകാരിയായിരുന്ന മാഡം കാമയെയും ഓർക്കുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്തണം.''
---പ്രധാനമന്ത്രി നരേന്ദ്ര മോദി