
കള്ളപ്പണം വെളുപ്പിക്കൽ കേസ്
ന്യൂഡൽഹി:ശിവസേന രാജ്യസഭാംഗം സഞ്ജയ് റാവത്തിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുംബയിലെ വസതിയിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട റെയ്ഡിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. കണക്കിൽപ്പെടാത്ത 11.05 ലക്ഷം രൂപ അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്തു. രേഖകളും പിടിച്ചെടുത്തു.
മുംബയ് കോറെഗാവിൽ മഹാരാഷ്ട്ര ഹൗസിംഗ് അതോറിറ്റിയുടെ 47 ഏക്കർ സ്ഥലത്തെ വാടകതാമസ കോളനി പുനരുദ്ധാരണത്തിൽ റാവത്തിന്റെ ഭാര്യയും അനുയായികളും നടത്തിയ പണമിടപാടുകളുടെയും ക്രമക്കേടുകളുടെയും പേരിലെടുത്ത കേസിലാണ് നടപടി. ഈ പദ്ധതിയുടെ മറവിൽ ഭവന നിർമ്മാണ കമ്പനിയായ ഗുരു ആശിഷ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ 1,034 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
സഞ്ജയ് റാവത്തിന്റെ അനുയായിയാണ് ഗുരു ആശിഷ് കൺസ്ട്രക്ഷൻ ഡയറക്ടർ പ്രവീൺ റാവത്ത്. അയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന്റെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറിയതായി ഇ.ഡി പറയുന്നു. പ്രവീൺ റാവത്ത് കേസിൽ പ്രതിയായി ജയിലിലാണ്. ഈ പണം ഉപയോഗിച്ച് ദാദറിൽ വാങ്ങിയ ഫ്ലാറ്റടക്കം 11 കോടിയുടെ സ്വത്ത് ഇ.ഡി കണ്ട് കെട്ടിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ജൂലായ് 20 നും 27 നും ഇ.ഡി നോട്ടീസ് നൽകിയെങ്കിലും പാർലമെന്റ് സമ്മേളനത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടി ഹാജരായില്ല. ജൂലായ് 1 ന് റാവത്തിനെ ഇ. ഡി 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. റെയ്ഡ് അറിഞ്ഞ് ശിവസേന പ്രവർത്തകർ റാവത്തിന്റെ വീടിന് മുന്നിൽ തടിച്ച് കൂടി മുദ്രാവാക്യം മുഴക്കി. സഞ്ജയ് റാവത്തിനെ കസ്റ്റഡിയിൽ എടുത്തതല്ല ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണെന്ന് റാവത്തിന്റെ അഭിഭാഷകൻ പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണ്. വ്യാജ തെളിവുകളാണ് ഇ.ഡിയുടെ പക്കലുള്ളത്. അഴിമതിയുമായി ബന്ധവുമില്ലെന്ന് ബാൽ താക്കറെയുടെ പേരിൽ സത്യം ചെയ്യുന്നു. ബാൽ താക്കറെ പോരാടാനാണ് പഠിപ്പിച്ചത്. ഒരിക്കലും ശിവസേന വിട്ട് പോകില്ല. മരിച്ചാലും കീഴടങ്ങില്ല
--സഞ്ജയ് റാവത്ത് ട്വിറ്ററിൽ
സഞ്ജയ് റാവത്തിനെതിരെ നടക്കുന്നത് നാണം കെട്ട ഗൂഡാലോചനയാണ്. ഭയപ്പെടുത്തി ആളുകളെ കൊണ്ട് പോകാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവർ ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്.
--ഉദ്ധവ് താക്കറെ
ശിവസേന നേതാവ്