
ന്യൂഡൽഹി:ഐ.എസുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ 13 കേന്ദ്രങ്ങളിൽ ഇന്നലെ തിരച്ചിൽ നടത്തി. രഹസ്യ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ദേശവിരുദ്ധ ലേഖനങ്ങളും പിടിച്ചെടുത്തതായും ചിലരെ കസ്റ്റഡിയിലെടുത്തതായും എൻ.ഐ.എ വൃത്തങ്ങൾ പറയുന്നു.
മദ്ധ്യപ്രദേശ്, ഗുജറാത്ത്, കർണ്ണാടക, ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. അടുത്തിടെ ബീഹാർ പൊലീസ് ഒരു ഭീകര യൂണിറ്റിനെ കണ്ടെത്തിയിരുന്നു. ബീഹാറിലെ നളന്ദയിൽ കഴിഞ്ഞ വ്യാഴാഴ്ച്ച റെയ്ഡ് നടത്തിയിരുന്നു. എൻ.ഐ.എ കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച്ചയ്ക്ക് ശേഷമാണ് ഈ റെയ്ഡുകൾ നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭീകരവിരുദ്ധ ഡിവിഷന്റെ ഉത്തരവിനെ തുടർന്നാണ് എൻ.ഐ.എ കേസെടുത്തത്.