abdul-jabbar

കളമശേരി: ഇൻഫോപാർക്ക് ജീവനക്കാരൻ അബ്ദുൾ ജബ്ബാർ കണ്ടുപിടുത്തങ്ങളുടെ പിറകേയാണ്. കളിപ്പാട്ട കാറുകൾ ഉപയോഗിച്ചുള്ള ഫുട്ബാൾ മത്സരം, ചിത്രം വരയ്ക്കുന്ന കൊച്ചുയന്ത്രം, സ്വയം നി​ർമ്മി​ച്ച കമ്പ്യൂട്ടർ, പ്രകാശ ക്രമീകരണം തുടങ്ങി പലവി​ധ സംഗതി​കളുണ്ട് അബ്ദുൾ ജബ്ബാറിന്റെ കൈയ്യിൽ. ഇപ്പോൾ താനുണ്ടാക്കിയ മൈക്രോവി​മാനം പറത്തി​ പരീക്ഷി​ക്കുകയാണ്. കളിപ്പാട്ട ഗണത്തിലുള്ളതാണെങ്കിലും ഈ ആളി​ല്ലാ വി​മാനം ടേക്ക് ഓഫ് ചെയ്യുന്നതും പറക്കുന്നതും ലാൻഡ് ചെയ്യുന്നതും അബ്ദുൾ ജബ്ബാറി​ന്റെ കൺ​ട്രോളി​ലാണ്.

വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള 4 വിമാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. റിമോട്ടിൽ പ്രവർത്തിക്കുന്ന വിമാനം കോറോഷീറ്റ്, ട്രാൻസ്മിറ്റർ, മോട്ടോർ, ബാറ്ററി എന്നിവ ഉപയോഗിച്ചാണ് നി​ർമ്മി​ക്കുന്നത്. 5000 രൂപയോളം ചെലവായി. തകരാറിലായ ഡ്രോണുകൾ ശരിയാക്കി കൊടുത്ത് പോക്കറ്റ് മണി കിട്ടി തുടങ്ങിയപ്പോഴാണ് സ്വന്തം ഡ്രോണുകളെന്ന ആശയത്തിലെത്തിയത്.

അബ്ദുൾ ജബ്ബാറിന്റെ മുറി പരീക്ഷണശാല പോലെയാണ്. വി​വി​ധ ഘട്ടങ്ങളി​ലെത്തി​യ വസ്തുക്കൾ നി​റഞ്ഞു കി​ടക്കുന്നു. പാഴ് വസ്തുക്കളും ചെലവു കുറഞ്ഞ സാമഗ്രികളും ഉപയോഗപ്പെടുത്തി​യാണ് പരീക്ഷണങ്ങൾ. 2017ൽ ഇൻകുബേറ്റർ നിർമ്മിച്ച് കോഴിമുട്ടകൾ വിരിയിച്ച് കുഞ്ഞുങ്ങളെ വളർത്തിയെടുത്തു. കോളേജിൽ നടന്ന എക്സിബിഷനിൽ സൈന്യവുമായി ബന്ധപ്പെട്ട തീം നൽകിയപ്പോൾ തയ്യാറാക്കിയത് റോക്കറ്റ് ലോഞ്ചറാണ്. മൊബൈൽ ഫോണിലെ ബട്ടണമർത്തിയാൽ മിസൈലിനു പകരം ദ്രാവകം നിറച്ച കുപ്പികളായിരിക്കും ശരം പോലെ പുറത്തേക്ക് വരുന്നതെന്നു മാത്രം.

കോളേജിലെ എക്സിബിഷനിൽ മികച്ച പ്രോജക്ടിനുള്ള സമ്മാനം നേടിയിട്ടുള്ള അബ്ദുൾ ജബ്ബാർ ചിത്രകാരനും പ്രവാസിയുമായ ഏലൂർ കിഴക്കുംഭാഗം മരക്കാട്ടിൽ വീട്ടിൽ അബ്ദുൾ മജീദിന്റെയും ജമീലയുടേയും മകനാണ്.