കൊച്ചി: ജില്ലയിൽ പുതുതായി ആനയെഴുന്നള്ളിപ്പിന് അനുമതി തേടി 91 ക്ഷേത്രങ്ങൾ. അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. അടുത്ത ഉത്സവസീസണിന് മുമ്പ് തീരുമാനമാകും. ആനയെഴുന്നള്ളിപ്പ്
മുടങ്ങിക്കിടന്ന ക്ഷേത്രങ്ങൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായാണ് മേയ് 31നകം അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചത്.
സോഷ്യൽ ഫോറസ്ട്രിയുടെ കീഴിൽ www.kcems.in എന്ന വെബ്‌സൈറ്റിലൂടെ ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയിൽ ഇതുപ്രകാരമാണ് 91 അപേക്ഷകൾ ലഭിച്ചത്. പഴയ എഴുന്നള്ളിപ്പ് ചിത്രങ്ങൾ, നോട്ടീസുകൾ, ബുക്ക്ലെറ്റുകൾ, സുവനീറുകൾ തുടങ്ങിവയാണ് ഹാജരാക്കേണ്ടിയിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മൊഴികൾ ഉൾപ്പടെ ശേഖരിച്ച് ശുപാർശ നൽകി വരികയാണിപ്പോൾ. ഇത് പരിഗണിച്ച് ജില്ലാ മോണിട്ടറിംഗ് കമ്മിറ്റിയാണ് അനുമതി നൽകുക. പുതിയ അപേക്ഷകൾ എല്ലാം സ്വീകരിക്കപ്പെടാനാണ് സാദ്ധ്യത.
818 ക്ഷേത്രങ്ങളിലും രണ്ട് മുസ്ളീം പള്ളികളിലുമാണ് ജില്ലയിൽ
ആനയെ എഴുന്നള്ളിക്കാൻ അനുമതിയുണ്ടായിരുന്നത്. 18 വരെ ആനകളെ എഴുന്നള്ളിക്കുന്ന ക്ഷേത്രങ്ങൾ പട്ടികയിലുണ്ട്.
സ്വകാര്യ ചടങ്ങുകളിലും മറ്റും ആന എഴുന്നള്ളിപ്പിന് കർശന വിലക്കുണ്ട്.
25
എറണാകുളം ജില്ലയിലെ നാട്ടാനകൾ 25 എണ്ണം മാത്രം. ഏറ്റവുമധികം തൃശൂർ ജില്ലയിലാണ്; 120.
പള്ളത്താംകുളങ്ങരയിൽ
18 ആനകൾ
ഏറ്റവുധികം ആനകളെ എഴുന്നള്ളിക്കുന്നത് വൈപ്പിൻ പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ്. 18 എണ്ണം.
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, പള്ളുരുത്തി ഭവാനീശ്വരം, ചെറായി ശ്രീഗൗരീശ്വരം, പറവൂർ ചക്കുമരശേരി ക്ഷേത്രങ്ങളിൽ 15 വീതം ആനകളുണ്ടാകും. പത്തോ അതിലേറെയോ ആനകൾ ഉത്സവത്തിനെത്തുന്ന 18 ക്ഷേത്രങ്ങൾ ജില്ലയിലുണ്ട്. കാഞ്ഞിരമറ്റം, നെട്ടൂർ പള്ളികളാണ് ആനയെഴുന്നള്ളിപ്പുള്ള മുസ്ളീം ദേവാലയങ്ങൾ.