floos

അടിമുടി ക്രമക്കേടെന്ന് അന്വേഷണ റിപ്പോർട്ട്

തൃക്കാക്കര: പ്രളയഫണ്ട് തട്ടിപ്പിൽ നഷ്ടമായത് 20 കോടി രൂപ. നടന്നത് അടിമുടി ക്രമക്കേട്. ട്രഷറി വകുപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ല. കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമ്മിഷണർ ഡോ.എ.കൗശികൻ 2020 ജൂൺ രണ്ടിന് സമർപ്പിച്ച റിപ്പോർട്ടിൽ നിർണായകമായ ഒട്ടേറെ വിവരങ്ങൾ.

ഈ റി​പ്പോർട്ട് വി​വരാവകാശ നി​യമപ്രകാരം പോലും പുറത്തുവി​ട്ടി​രുന്നി​ല്ല. സർക്കാരി​ന് 14.84 കോടി​ രൂപയുടെ നഷ്ടമുണ്ടെന്നാണ് റി​പ്പോർട്ടി​ൽ പറയുന്നതെന്ന് സൂചനകൾ പുറത്തുവന്നി​രുന്നു.

2018ലെ പ്രളയ ദുരിതാശ്വാസ വിതരണത്തിൽ 27 ലക്ഷം രൂപ തട്ടിച്ചെന്നായിരുന്നു ആദ്യകേസ്. കളക്ടറേറ്റിലെ പരിഹാരം സെക്ഷനിലെ ക്ളാർക്ക് വിഷ്ണുപ്രസാദാണ് ഒന്നാം പ്രതി. സി​.പി​.എം മുൻ ലോക്കൽ കമ്മി​റ്റി​ അംഗങ്ങൾ ഉൾപ്പെടെ ആറ് പേർ വേറെയും. രണ്ടാമത്തെ കേസി​ൽ 73 ലക്ഷം തട്ടി​യെന്നാണ് ആരോപണം.

സി​.പി​.എം നി​യന്ത്രണത്തി​ലുള്ള അയ്യനാട് സഹകരണ ബാങ്കി​ലെ വി​ഷ്ണുവി​ന്റെ പരി​ചയക്കാരുടെ അക്കൗണ്ടുകളി​ലേക്കാണ് കൂടുതൽ തുകയും എത്തി​യത്.

പ്രളയം ബാധി​ക്കാത്ത തൃക്കാക്കരയി​ലെ ഗുണഭോക്താക്കൾക്ക് നഷ്ടപരി​ഹാരം ലഭി​ച്ചതി​ൽ തോന്നി​യ സംശയമാണ് തട്ടി​പ്പ് ശ്രദ്ധയി​ൽ വരാൻ കാരണം. തുടർന്ന് എ.ഡി​.എമ്മി​ന്റെ പരാതി​യി​ൽ കേസെടുത്തു. ക്രൈംബ്രാഞ്ചാണ് അന്വേഷണം പൂർത്തി​യാക്കി​ കുറ്റപത്രങ്ങൾ സമർപ്പി​ച്ചത്.

19,82,85,000 രൂപ സർക്കാരിന് നഷ്ടപ്പെട്ടുകാണുമെന്നാണ് കൗശി​കൻ റിപ്പോർട്ടിലുള്ളത്. ഈ തുക അനധി​കൃതമായി​ ഗുണഭോക്താക്കൾ കൈപ്പറ്റി​യി​ട്ടുണ്ടോ, അത് പ്രതി​കൾ ഇവരി​ൽ നി​ന്ന് കൈക്കലാക്കി​യി​ട്ടുണ്ടോ തുടങ്ങി​യ കാര്യങ്ങൾ ഇനി​ വ്യക്തമാകണം.

1,06,799 ഗുണഭോക്താക്കൾക്ക് 191 ലിസ്റ്റുകളിലൂടെ 413,01,45,400 രൂപയാണ് വിതരണം ചെയ്തത്. വീടി​ന്റെ നാശത്തി​ന്റെ തോതനുസരി​ച്ച് അഞ്ച് സ്ളാബുകളി​ലായി​രുന്നു നഷ്ടപരി​ഹാരം.

 വീടി​ന്റെ നാശത്തി​നുള്ള നഷ്ടപരി​ഹാരം

നാശത്തോത് തുക മൊത്തം നൽകി​യത്

1. 15% വരെ 10,000 3,12,90,000

2. 29% വരെ 60,000 16,51,20,000

3. 59% വരെ 1,25,000 3,75,000

4. 74% വരെ 2,50,000 15,00,000

5. 100% 4,00,000

ആകെ 19,82,85,000

ക്യാമ്പുകളി​ലേക്ക് മാറി​യ 1,79,879 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപ വീതം 1,79,87,90,000 രൂപ തഹസിൽദാർ മുഖാന്തിരം വിതരണം ചെയ്തിരുന്നു. പൂർണമായും വീട് തകർന്നവർക്കുള്ള തുകയും തഹസിൽദാരിലൂടെയാണ് നൽകി​യത്. ഇതു രണ്ടും ഒഴികെയുള്ള രേഖകളാണ് പരി​ശോധി​ച്ചത്.

 ഒരേ അക്കൗണ്ട് നമ്പർ ഒരേ ലി​സ്റ്റി​ലും വ്യത്യസ്ത ലി​സ്റ്റുകളി​ലും ആവർത്തി​ച്ച് ഉൾപ്പെടുത്തി​ ഒരേ കാറ്റഗറി​യി​ൽപ്പെടുന്ന തുക പലവട്ടം ലഭി​ക്കുന്നതായി​രുന്നു തട്ടി​പ്പ് രീതി​.

 2753 അക്കൗണ്ട് നമ്പറുകളി​ലേക്ക് ഇങ്ങി​നെ 14,94,41,500 രൂപ മാറ്റി​. ഇതി​ൽ 2711 അക്കൗണ്ടുകളി​ലേക്ക് രണ്ട് പ്രാവശ്യം തുക നൽകി​യി​ട്ടുണ്ട്. ബാക്കി​യുള്ളവയി​ലേക്ക് മൂന്നും നാലും തവണ നൽകി​.

 സർക്കാർ നിർദേശിക്കാത്ത 288 അക്കൗണ്ടുകളിലേക്ക് രണ്ട് പ്രാവശ്യം വീതം 3,89,27,500

 അക്കൗണ്ട് നമ്പറുകൾ തെറ്റി​ച്ച് രേഖപ്പെടുത്തി​യതിനാൽ 844 പേർക്ക് ധനസഹായം ലഭി​ച്ചി​ല്ല.

 ഒന്നാം പ്രതി വിഷ്ണു പ്രസാദ് സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് 9,65,000 രൂപ വകമാറ്റി.

# കേസിലെ പ്രതികൾ

കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദ്, മഹേഷ്, മഹേഷിന്റെ ഭാര്യ എം.എം നീതു, തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൗറത്ത്, എൻ.എൻ നിതിൻ, നിതിന്റെ ഭാര്യ ഷിന്റു. പ്രതികൾ എല്ലാവരും ജാമ്യത്തിലാണ്.