
കളമശേരി: കേരളത്തിലെ കാലാവസ്ഥയിൽ അപൂർവമായി മാത്രം വിരിയുന്ന സഹസ്രദളപത്മം മഞ്ഞുമ്മൽ കോട്ടയിൽ രാംനിവാസിൽ ശിവദാസിന്റെ വീട്ടുമുറ്റത്തും പൂവിട്ടു. കൊൽക്കത്തയിലെ നിർവാണ ഗാർഡൻസിൽ നിന്ന് ഒരുവർഷം മുമ്പ് ഓൺലൈൻ വഴി വിത്ത് വാങ്ങിയാണ് ശിവദാസ് സഹസ്രദളപത്മം നട്ടുപിടിപ്പിച്ചത്. ചെടികളെയും പൂക്കളെയും സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന ഭാര്യ ബിന്ദുവിന്റെയും മക്കളായ അദ്വൈത്, ആദിഷയുടെയും ആഗ്രഹപ്രകാരമാണ് വിത്ത് വാങ്ങിയത്. പരിമിതമായ സ്ഥലത്ത് വൃത്യസ്ത തരംചെടികൾ ശിവദാസും കുടുംബവും വളർത്തുന്നുണ്ട്. ഫാക്ടിൽ നിന്ന് വിരമിച്ച ശിവദാസ് അറിയപ്പെടുന്ന ട്രേഡ് യൂണിയൻ പ്രവർത്തകൻകൂടിയാണ്.