സ്വന്തം ലേഖകൻ
കൊച്ചി: ശുദ്ധജല പൈപ്പിടാൻ ജല അതോറിറ്റി കുത്തിപ്പൊളിച്ച വൈറ്റില- തൃപ്പൂണിത്തുറ റോഡിൽ പെരുമഴയത്ത് അറ്റകുറ്റപ്പണികൂടി തുടങ്ങിയതോടെ യാത്രക്കാർക്ക് ഇരട്ടി ദുരിതം. പ്രശ്നത്തിൽ യാത്രക്കാരുടെയും വ്യാപാരികളുടെയും രാഷ്ട്രീയ പാർട്ടികളുടെയുമൊക്കെ പ്രതിഷേധം ഫലം കാണാതെപോകുകയാണ്.
മേയ് 11ന് വാട്ടർ അതോറിറ്റി പണികൾ പൂർത്തീകരിച്ചിരുന്നു. എന്നിട്ടും കുന്നറ പാർക്ക് മുതൽ സിഗ്നൽ ജംഗ്ഷൻ വരെ വെട്ടിപ്പൊളിച്ച ഭാഗം നന്നാക്കിയിരുന്നില്ല. തിങ്കഴാള്ച്ച രാത്രി മുതൽ നടക്കുന്ന അറ്റകുറ്റപ്പണിയുടെ ഭാഗമായി കുഴിയെടുത്ത ഇടത്തെ ടൈലുകൾ ഇളക്കിമാറ്റി മണ്ണിട്ട് നികത്തുകയാണ് ആദ്യം ചെയ്യുന്നത്. രാത്രിയിലാണ് ജോലികൾ. മഴയിൽ ഇവിടം ചെളിക്കുളമായി. സിഗ്നൽ ജംഗ്ഷൻ മുതൽ പവർ ഹൗസിനു സമീപമുള്ള പെട്രോൾ പമ്പുവരെയാണ് നികത്തിയത്.തകർന്ന് കിടന്ന റോഡ് മൂന്ന് വർഷം മുൻപാണ് പി.ഡബ്ല്യു.ഡി ടൈൽ വിരിച്ച് സഞ്ചാരയോഗ്യമാക്കിയത്. ആ റോഡാണ് ജല അതോറിറ്റി മാർച്ച് അവസാനം കുത്തിപ്പൊളിച്ചത്.
രാത്രികാല 
നിയന്ത്രണം
രാത്രി ഒൻപത് മുതൽ പുലർച്ചെ ആറുവരെയാണ് ഗതാഗത നിയന്ത്രണം. തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും ഇടപ്പള്ളി, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തൃപ്പൂണിത്തുറ, പേട്ട ജംഗ്ഷനിൽ നിന്നും കുണ്ടന്നൂരെത്തി ദേശീയ പാതവഴി തിരിഞ്ഞുപോകും.
അഴിയാക്കുരുക്കായി പരിഷ്കാരം
റോഡ് തകർന്നതിനു പിന്നാലെ വൈറ്റില ജംഗ്ഷനിൽ അടിക്കടി ഏർപ്പെടുത്തുന്ന ഗതാഗത പരിഷ്കാരവും ജനങ്ങൾക്ക് ദുരിതമാകുന്നു. 
സിഗ്നൽ ജംഗ്ഷനിൽ നിന്ന് എങ്ങോട്ട് തിരിയണമെന്ന് പരിഷ്കാരമേർപ്പെടുത്തിയവർക്ക് മാത്രം മനസിലാകുന്ന അവസ്ഥ. ഇടപ്പള്ളിയിൽ നിന്ന് വരുന്ന വാഹനങ്ങൾ എറണാകുളത്തേക്ക് പോകാൻ പാലത്തിനു മുകളിലൂടെ പോയി യൂ ടേൺ എടുക്കുകയോ ടെമ്പിൾ- പവർഹൗസ് ജംഗ്ഷനുകളിലൂടെ യൂ ടേൺ എടുക്കുകയോ ചെയ്യണം. ബസുകൾ ഹബ്ബിലേക്ക് കയറിയിറങ്ങുന്നതിനും പലരീതികളാണ്.
ബാരിക്കേഡില്ല.. അപകടങ്ങൾ പതിവ്
ബസുകൾ വൈറ്റില ഹബ്ബിലേക്ക് തിരിയുന്ന ടെംപിൾ ജംഗ്ഷനിൽ റോഡിന് നടുവിലെ ബാരിക്കേഡുകൾ നീക്കിയിരുന്നു. പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഇവിടെ യൂ ടേണുമുണ്ട്. ഇടപ്പള്ളി, കണിയാമ്പുഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ടെംപിൾ ജംഗ്ഷനിലെത്തി യൂ ടേൺ എടുക്കും. പൊട്ടിപ്പൊളിഞ്ഞ കുഴിയിലകപ്പെടും. ഫലം ഗതാഗത കുരുക്ക്.ദിവസവും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. ഇരുചക്ര വാഹനങ്ങളാണ് ഏറെയും.
അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തീകരിക്കാനാണ് ശ്രമം
രാഹുൽ മോഹൻ,
പി.ഡബ്ല്യു.ഡി എ.ഇ
തൃപ്പൂണിത്തുറ 
സെക്ഷൻ