ആലങ്ങാട്: സംസ്ഥാനത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് ആലങ്ങാട് നീറിക്കോട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ എം.പി. അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ബെന്നി ബെഹനാൻ എം.പി. മുഖ്യാതിഥിയാകും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ എം.എൽ.എമാർ വിശിഷ്ടാതിഥികളാകും.
എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തത്തോടെ കൃഷിക്കൂട്ടങ്ങളുടെ രൂപീകരണം, കാർഷിക ഉത്പാദന വിപണന, സേവന, മൂല്യവർദ്ധന ശൃംഖലയുടെ വികസനം, വിവിധ കലാപരിപാടികൾ, പ്രദർശനം, സെമിനാർ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രതിജ്ഞയും പദ്ധതിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കും. ജില്ലാ കളകടർ ജാഫർമാലിക്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി നേതാക്കൾ പങ്കെടുക്കും.