ആലുവ: ആലുവ നഗരസഭാ 22 -ാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വരണാധികാരി ആലുവ ഡി.ഇ.ഒ മുമ്പാകെ ഇന്നലെ പത്രിക നൽകി. എൻ.കെ. കവിത (എൽ.ഡി.എഫ്), വിദ്യാ ബിജു (യു.ഡി.എഫ്), പി. ഉമാദേവി (എൻ.ഡി.എ) എന്നിവരാണ് മുതിർന്ന നേതാക്കൾക്കൊപ്പമെത്തി പത്രിക നൽകിയത്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ. കവിതക്കൊപ്പം സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗം വി. സലീം, സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, നേതാക്കളായ പി.എം. സഹീർ, രാജീവ് സക്കറിയ, പോൾ വർഗീസ്, അബ്ദുൽ കരീം, സോമശേഖരൻ, കൗൺസിലർമാരായ മിനി ബൈജു, ടിന്റു രാജേഷ്, ദിവ്യ സുനികുമാർ എന്നിവരും ഉണ്ടായിരുന്നു.

യു.ഡി.എഫ് സ്ഥാനാർത്ഥി വിദ്യ ബിജു കെ.പി.സി.സി ജനറൽ സെക്രട്ടറി അബുൾ മുത്തലിബ്, ജെബി മേത്തർ എം.പി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറി സെക്രട്ടറി ബാബു പുത്തനങ്ങാടി, മുന്നണി നേതാക്കളായ ഡൊമിനിക് കാവുങ്കൽ, ആർ. ദിനേശ്, തോപ്പിൽ അബു, ലത്തീഫ് പുഴിത്തറ, ഫാസിൽ ഹുസൈൻ, എം.ടി. ജോക്കബ്ബ്, ഹസീം ഖാലിദ്, പി.കെ. മുകുന്ദൻ എന്നിവർക്കൊപ്പമെത്തിയാണ്.

മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പ്പഹാരം ചാർത്തിയ ശേഷമാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി. ഉമടീച്ചർ പത്രിക സമർപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, നേതാക്കളായ വി.എൻ. വിജയൻ, എ. സെന്തിൽകുമാർ, വേണു നെടുവന്നൂർ, പി. ദേവരാജൻ, എൻ. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, രൂപേഷ് പൊയാട്ട്, പ്രദീപ് പെരുംപടന്ന, എ.സി. സന്തോഷ് തുടങ്ങിയവരും പങ്കെടുത്തു. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നാലാം തീയതിയും എൽ.ഡി.എഫ് കൺവെൻഷൻ ആറാം തീയതിയും നടക്കും.

പത്രിക സ്വീകരിക്കുന്നതിൽ

ആശയകുഴപ്പം

മുനിസിപ്പൽ ഓഫീസിൽ പത്രിക സമർപ്പിക്കുന്നതിൽ ആശയകുഴപ്പമുണ്ടായതിനെ തുടർന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വരണാധികാരിയായ ഡി.ഇ.ഒ മുമ്പാകെയാണ് പത്രിക നൽകിയത്. അസി. വരണാധികാരിയായ നഗരസഭാ സൂപ്രണ്ടിന് പത്രിക നൽകാനാണ് സ്ഥാനാർത്ഥിയും നേതാക്കളും ആദ്യമെത്തിയത്. എന്നാൽ സ്ഥാനാർത്ഥിക്ക് തിരികെ നൽകേണ്ട രസീൽ ഏത് സീൽ രേഖപ്പെടുത്തണമെന്ന ആശങ്കയാണ് പ്രശ്നമായത്. ഇതിന്റെ പേരിൽ നഗരസഭ പി.എ ടു സെക്രട്ടറി എം. വസന്തനുമായി എൽ.ഡി.എഫ്

നേതാക്കൾ തർക്കമുണ്ടായി.