
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്തിന് സമാനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളെ പൂട്ടിക്കാൻ
ഓപ്പറേഷൻ ശുഭയാത്രയെന്ന പേരിൽ പുതിയ പദ്ധതി. നോർക്കാ റൂട്ട്സുമായി ചേർന്നാണ് നടപ്പാക്കുന്നത്. സർക്കാർ പ്രതിനിധി, പൊലീസ് മേധാവി, നോർക്കാ റൂട്ട്സ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് നടപടിക്രമങ്ങൾ തീരുമാനിക്കും.
ഇതിന്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന നടത്തും. ഇതിനായി നോർക്ക റൂട്ട്സ് പൊലീസ് മേധാവിക്ക് കത്ത് നൽകി.
ആയയുടെ ജോലി വാഗ്ദാനംചെയ്ത് മലയാളികളെയടക്കം കുവൈറ്രിലെത്തിച്ച് സമ്പന്ന അറബി കുടുംബങ്ങൾക്ക് വിൽക്കുന്ന സംഘത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. കുവൈറ്റിലെത്തിയ നിരവധിപേർ തിരിച്ചുവരാൻ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരിക്കുകയാണ്.
കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാൻ നോർക്ക റൂട്ട്സും ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.
. ഫോർട്ടുകൊച്ചി സ്വദേശിനി, കൊല്ലത്തുള്ള രണ്ട് വീട്ടമ്മമാർ, തൃക്കാക്കര സ്വദേശിനി, ചെറായി സ്വദേശിനിയായ വീട്ടമ്മ എന്നിവർ മാത്രമാണ് ഇതുവരെ തിരിച്ചെത്തിയത്. ചെറായി സ്വദേശിനിക്ക് നോർക്കയുടെ ഇടപെടലാണ് നാട്ടിലേക്കുള്ള വഴിതുറന്നത്.
ഒത്തുതീർപ്പിന് ശ്രമം,
കടുപ്പിച്ച് പൊലീസ്
കുവൈറ്റ് മനുഷ്യക്കടത്ത് കേസിലെ മുഖ്യപ്രതി കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദിന് (ഗസാലി) കുവൈറ്റ് എംബസിൽ സ്വാധീനംചെലുത്തി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. അറബിയുടെ സഹായത്തോടെയാണ് ഇടപെടലെന്നാണ് വിവരം. മദീജിനെ ഫോണിൽ ബന്ധപ്പെട്ട പൊലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഉടൻ കൊച്ചിയിലെത്തണമെന്നും നിർദ്ദേശിച്ചു. നാല് വർഷമായി മനുഷ്യക്കടത്ത് നടത്തുന്നയാളാണെന്ന് രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
`അനധികൃത റിക്രൂട്ടിംഗ് ഏജൻസികളെ തുരത്താനുള്ള നടപടികളുമായി നോർക്കാ റൂട്ട്സും സംസ്ഥാന സർക്കാരും മുന്നോട്ട് പോകുകയാണ്.'
പി. ശ്രീരാമകൃഷ്ണൻ,
ചെയർമാൻ,
നോർക്കാ റൂട്ട്സ്.