മൂവാറ്റുപുഴ∙ അനധികൃത പാർക്കിംഗ് നഗരത്തെ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടിക്കുന്നു. രാവിലെ മുതൽ നൂറുകണക്കിനു വാഹനങ്ങളാണ് റോഡിനിരുവശവുമായി പാർക്ക് ചെയ്യുന്നത്. അനധികൃത വാഹന പാർക്കിംഗ് മൂലം ബൈപ്പാസായി ഉപയോഗിക്കുന്ന കാവുംപടി റോഡിലെ ഗതാഗതവും തടസപ്പെടുന്നു. ഗതാഗതം സുഗമമാക്കുന്നതിന് കോടതി വക ഭൂമി വിട്ടു നൽകി റോഡിനു വീതി കൂട്ടിയെടുത്ത് ഭാഗത്താണിപ്പോൾ അനധികൃത പാർക്കിംഗ് നടത്തിയിരിക്കുന്നത് . കോടതിയിലേക്കും നഗരസഭയിലേക്കുമൊക്കെ എത്തുന്ന വാഹനങ്ങളാണ് റോഡിന് ഇരുവശത്തും പാർക്ക് ചെയ്യുന്നത്. ഇതോടെ കാൽനടയാത്ര അടക്കം തടസപ്പെടുന്നു. റോഡിലേക്ക് ഏറെ കയറ്റി വാഹനം പാർക്കു ചെയ്യുന്ന വിരുതന്മാരുമുണ്ട്. ഇത്തരത്തിൽ പാർക്ക് ചെയ്ത വാഹന ഉടമയും യാത്രക്കാരും തമ്മിൽ തർക്കവും പതിവാണ്. കോടതിസമുച്ചയത്തിലെത്തുന്ന പാർക്ക് ചെയ്യാൻ ആവശ്യത്തിനു സൗകര്യമില്ലാത്തതിനാലാണ് റോഡിനിരുവശവും വാഹനങ്ങൾ നിരക്കാൻ കാരണം. റോഡിന് സമീപത്തെ വ്യാപാര കേന്ദ്രങ്ങൾക്കും പാർക്കിംഗ് സൗകര്യമില്ല. ഇവിടെ എത്തുന്ന വാഹനങ്ങളെല്ലാം റോഡരികൽ തന്നെ പാർക്ക് ചെയ്യുന്നു . പുഴക്കരക്കാവ് വരെ പാർക്കിംഗ് നീളുനം. പൊലീസ് സ്റ്റേഷൻ പരിസരത്താകട്ടെ റോഡിന്റെ രണ്ടു വശങ്ങളിലും തൊണ്ടി വാഹനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. . ഏറെ പ്രതിഷേധങ്ങൾക്കൊടുവിഷ അഞ്ച് വർഷം മുമ്പ് കോടതി സമുച്ചയത്തിന്റെ ചുറ്റുമതിൽ പൊളിച്ചു നീക്കി കാവുംപടി റോഡിന്റെ തുടക്കത്തിൽ വീതി കൂട്ടിയിരുന്നു. എന്നാൽ ഇവിടം ഇപ്പോൾ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറിക്കഴിഞ്ഞു. കൊടുവളവിൽ വാഹനങ്ങൾ റോഡിലേക്കു പാർക്കു ചെയ്യുന്നതിനാൽ അടിയന്തരഘട്ടങ്ങളിൽ പൊലീസ് വാഹനങ്ങൾക്കും ആംബുലൻസിനും കടന്നുപോകാൻ സാധിക്കുന്നില്ല.
കാവും പടി റോഡിലെ അനധികൃത പാർക്കിംഗ് അവസാനിപ്പിക്കുന്നതിന് അധികാരികൾ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനായ കെ.എം.ദിലീപ് ആവശ്യപ്പെട്ടു.