മൂവാറ്റുപുഴ: കാലവർഷക്കെടുതി നേരിടാൻ മുന്നൊരുക്കളുമായി റവന്യു വകുപ്പ്. വരുംദിവസങ്ങളിൽ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടന്ന മുന്നറിയിപ്പിനെ തുടർന്ന് മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിൽ മൂന്നു ഉദ്യോഗസ്ഥർക്ക് ചുമതലയും നൽകി.
ഫയർഫോഴ്സ്,പൊലീസ് തുടങ്ങി പത്ത് വകുപ്പുകളുടെ താലൂക്കുതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ജാഗ്രതാ സമിതി രൂപീകരിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകളെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സജ്ജമാക്കിക്കഴിഞ്ഞു. നഗരത്തിലടക്കം ഇക്കുറി വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. മലങ്കര ഡാമിലെ ജലനിരപ്പ് നിരീക്ഷിക്കാനും മൂവാറ്റുപുഴയാറിലേക്ക് വലിയ തോതിൽ വെള്ളം തുറന്നു വിടാതിരിക്കാനും നടപടികൾ സ്വീകരിച്ചിട്ടുള്ളതിനാലാണിത്.
ഒരു പതിറ്റാണ്ടായി മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരത്തിലെ കോർ മലയിൽ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മഴ ശക്തിപ്പെട്ടാൽ ഇവരെ മാറ്റിപ്പാർപ്പിക്കുമെന്ന് തഹസിൽദാർ പറഞ്ഞു. കഴിഞ്ഞ വർഷം ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. കോർമലയിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ സംഘം അറിയിച്ചിരുന്നു. എട്ട് വർഷം മുമ്പ് കോർ മല ഇടിഞ്ഞു വീണശേഷം ഇടയ്ക്കിടെ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും പതിവാണ്. കഴിഞ്ഞ കാലവർഷത്തിൽ നഗരത്തിലെ പെട്രോൾ പമ്പിലേക്ക് മലയിൽ നിന്നു പാറക്കഷ്ണങ്ങളും മണ്ണും ഇടിഞ്ഞു വീണിരുന്നു. എല്ലാവർഷവും മണ്ണിടിച്ചിൽ ഉണ്ടാകുന്ന ആറൂരിലെ ജനങ്ങളും ഭീതിയിലാണ്. ജനങ്ങളുടെ ആശങ്കയകറ്റാൻ കോർമലയിലും ആറൂറും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കൺട്രോൾ റൂം തുറന്നു
ജാഗ്രത സമിതി രൂപീകരിച്ചു
സന്നദ്ധ സംഘടനകൾ സജ്ജം
കോർ മലയിൽ ജാഗ്രത
ആറൂറും നിരീക്ഷണം
വെള്ളപ്പൊക്ക സാധ്യതയില്ല