കൊച്ചി: പിതാവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പതിനാറുകാരിയെ ആക്രമിക്കുകയും ഇവരുടെ സഹായത്തിനെത്തിയ യുവാവിനെ മർദ്ദിക്കുകയും ചെയ്ത കേസിൽ പിടികിട്ടാനുള്ള രണ്ട് പ്രതികളുടെ ഒളിത്താവളം തിരിച്ചറിഞ്ഞതായി സൂചന. ചാലക്കുടി സ്വദേശികളും രണ്ടും അഞ്ചും പ്രതികളുമായ സുരേശൻ, സുനിൽ എന്നിവരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. റെയിൽവേ പൊലീസിന്റെ മൂന്നംഗ സംഘമാണ് ഇവർക്കായി തെരച്ചിൽ നടത്തുന്നത്. ഇവർ ഒടുവിൽ നടത്തിയ ചാറ്റുകളും ഫോൺ കോളുകളും ശേഖരിച്ചിട്ടുണ്ട്.

കേസിൽ കഴിഞ്ഞദിവസം പിടിയിലായ ഒന്നാം പ്രതി ചാലക്കുടി കുറ്റിക്കാട് പെരിയാടൻ ജോയി (52), മൂന്നാം പ്രതി മുരിങ്ങൂർ വടക്കുംമുറി ഇലഞ്ഞിക്കൽ സിജോ ആന്റോ (43), നാലാം പ്രതി ചാലക്കുടി വെസ്റ്റ് ഷാ റോഡ് ഓടത്ത് മാധവം വീട്ടിൽ സുരേഷ് (53) എന്നിവരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയെ ആക്രമിച്ചിട്ടില്ലെന്നും നടന്നത് കശപിശ മാത്രമാണെന്നുമാണ് പ്രതികളുടെ മൊഴി. തങ്ങൾ മദ്യപിച്ചിരുന്നില്ല. പതിവായി യാത്ര ചെയ്തുള്ള പരിചയം മാത്രമേയുള്ളൂവെന്നും മറ്റ് രണ്ടുപേർ എവിടെയെന്ന് അറിയില്ലെന്നുമാണ് മൊഴി. ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒളിവിലുള്ള പ്രതികളിൽ ഒരാൾ മദ്യപിച്ചിരുന്നെന്നാണ് പിതാവിന്റെ ആരോപണം.

ശനിയാഴ്ച രാത്രി തൃശൂരിലേക്കു പോകാൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് കയറിയ ദളിത് കോൺഗ്രസ് നേതാവും മകളുമാണ് അക്രമത്തിന് ഇരയായത്. തൃശൂർ റെയിൽവേ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എറണാകുളം റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു.