തൃക്കാക്കര: സംസ്ഥാനത്തെ മികച്ച കാർഷിക ഗ്രാമ വികസന ബാങ്കായി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.

സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് അവാർഡ് പ്രഖ്യാപിച്ചത്. കാർഷിക ഗ്രാമവികസന രംഗങ്ങളിലെ മികവുറ്റ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ. റെജി പറഞ്ഞു. 2004-05 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്ക് എല്ലാ വർഷവും ഡിവിഡന്റ് നൽകിവരുന്നു.

സഹകാരികൾക്ക് ഒരു കൈത്താങ്ങ് എന്ന പേരിൽ ആരക്കുന്നം എ.പി.വർക്കി മിഷൻ ആശുപത്രിയുമായി സഹകരിച്ച് ആയിരം പേർക്ക് സൗജന്യ ഡയാലിസിസ് നടത്തി. രണ്ട് കോടിയോളം രൂപ പലിശ രഹിത സ്വർണപ്പണയ വായ്പയായി നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 17,45,999 രൂപയും കോവിഡ് കെയർ സെന്ററിന് ആവശ്യമായ സഹായങ്ങളും നൽകിയിരുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒന്നര ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയതും ബാങ്കിന്റെ നേട്ടങ്ങളിൽപ്പെടുന്നു.