ആലുവ: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ രണ്ടുപേർകൂടി പിടിയിൽ. ഗോവ ബോഗ്മലോ ഭാഗത്ത് ചിക്കോൾനയിൽ എൻ.ടി.എസ് ഗേറ്റിന് സമീപം ഡേവിഡ് ഡയസ് (35), ഗോവ പനാജി വാസ്‌കോഡഗാമ ഖരിയേടാ ഭാഗത്ത് റമീ വാസ് (52) എന്നിവരെയാണ് ആലുവ പൊലീസ് ഗോവയിൽനിന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഗോവൻ സ്വദേശി മാങ്കോർഹിൽ ഗുരുദ്വാരറോഡിൽ മൗലാലി ഹബീബുൽ ഷേഖ്, കണ്ണൂർ പടുവിലായി കൂത്തുപറമ്പ് പാലാബസാറിൽ കൊയിലോട് ജുമാമസ്ജിദിന് സമീപം സജീറാമൻസിൽ അബൂട്ടി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ സാഹസികമായി ഗോവയിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ അഞ്ചിനാണ് സംഭവം. ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടിലാണ് ആദായനികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ചുപേർ എത്തിയത്. പരിശോധന നടത്തി വീട്ടിൽനിന്ന് അമ്പതുപവനോളം സ്വർണവും ഒന്നരലക്ഷം രൂപയുമായി സംഘം കടന്നുകളഞ്ഞു. വീട്ടിലെ സി.സി ടിവിയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ടുപോയി. സംഭവത്തിനുശേഷം പ്രതികൾ ഒളിവിലായിരുന്നു.
ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒ എൽ. അനിൽകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ്, കെ.എം. സിയാദ്, ബെന്നി ഐസക്ക്, മുഹമ്മദ് അമീർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.