വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് മണൽവാട തകർന്ന് കടൽവെള്ളം അടിച്ചുകയറുന്ന നായരമ്പലം വെളിയത്താംപറമ്പ് കടപ്പുറത്ത് മണൽ ചാക്ക് നിരത്തി കടൽക്ഷോഭത്തെ താത്കാലികമായി പ്രതിരോധിക്കും. ഇതിനായി നാന്നൂറോളം മണൽചാക്കുകൾ നിരത്തും. രണ്ട് ദിവസമായി കടൽവെള്ളം കരയിലേക്ക് അടിച്ചു കയറുകയാണ്. മത്സ്യത്തൊഴിലാളികൾ കടവായി ഉപയോഗിക്കുന്നതിനാൽ ഈ ഭാഗത്ത് കടൽഭിത്തി നിർമ്മിച്ചിട്ടില്ല. കടൽവെള്ളം കയറുന്നതിനെ തുടർന്ന് സമീപത്തെ ഷൺമുഖ വിലാസം ക്ഷേത്രത്തിലേക്കും വെള്ളം കയറുവാനുള്ള സാദ്ധ്യതയുണ്ട്.

താത്കാലിക പ്രതിരോധം എന്ന നിലയിലാണ് മണൽ ചാക്ക് നിരത്തുന്നത്. വേലിയേറ്റം രൂക്ഷമായാൽ കടപ്പുറത്തുള്ളവർ താമസം മാറ്റേണ്ട സ്ഥിതിയിലാണ്. എന്നാൽ തങ്ങൾക്ക് താത്കാലിക ആശ്വാസമല്ല വേണ്ടതെന്നും ക്യാമ്പുകളിലേക്ക് പോകുകയില്ലയെന്നുമാണ് കടപ്പുറം നിവാസികളുടെ നിലപാട്. ചെല്ലാനത്ത സർക്കാർ നടപ്പാക്കിയത് പോലെയുള്ള പദ്ധതികൾ ഇവിടെയും നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.