കൊച്ചി: കോടികൾ സർക്കാർ നീക്കിവച്ചു. കെട്ടിടം കെട്ടിപ്പൊക്കാൻ കണ്ണായ സ്ഥലവും കണ്ടെത്തി. എന്നിട്ടും ദുരിതതീരം വിട്ട് പുനർഗേഹത്തിലേക്ക് കാലെടുത്തു വയ്ക്കാൻ മടിച്ച് ജില്ലയിലെ മത്സ്യത്തൊഴിലാളികൾ.

ജില്ലയിൽ 1638 പേർ കടലിനോടു ചേർന്ന് അപകടമേഖലയിൽ കഴിയുന്നുവെന്നാണ് കണക്ക് . എന്നാൽ ഇതിൽ 30 പേർ മാത്രമാണ് പുനർഗേഹത്തിൽ ചേരാൻ സമ്മതം അറിയിച്ചത്. സംസ്ഥാനത്തെ കടൽത്തീരങ്ങളിലെ 50 മീറ്റർ പരിധിയിൽ വീടുവച്ചു താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്ന പദ്ധതിയാണ് പുനർഗേഹം. പുതിയ സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷവും വീടു നിർമ്മാണത്തിന് നാലുലക്ഷവും സർക്കാർ നൽകും. ഒഴിഞ്ഞുമാറാത്ത പക്ഷം ഭാവിയിൽ കടൽകയറ്റമോ മറ്റു പ്രകൃതിദുരന്തമോ മൂലമോ വീടിന് കേടുപാടുകൾ സംഭവിച്ചാൽ നഷ്ടപരിഹാരത്തിന് അർഹരായിരിക്കില്ലെന്ന വ്യവസ്ഥയുണ്ടായിട്ടും പുനർഗേഹത്തിൽ ചേരാൻ മത്സ്യത്തൊഴിലാളികൾ വിസമ്മതിക്കുന്നത് അധികൃതർക്ക് തലവേദനയായി.

 പശ്ചിമകൊച്ചിയിൽ പുതിയ സ്ഥലം

ഏറെക്കാലത്തെ ശ്രമത്തിനൊടുവിൽ പുനർഗേഹം പദ്ധതിക്കായി പശ്ചിമകൊച്ചിയിൽ കോർപ്പറേഷന്റെ 32 സെന്റ് കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. നസ്രത്തിലുള്ള സ്ഥലം വിട്ടുകൊടുക്കുന്നതിന് കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി.

 എതിർപ്പുമായി തീരദേശക്കാർ

പുനർഗേഹം പദ്ധതിയുടെ മറവിൽ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ചെല്ലാനംനിവാസികൾ രംഗത്തെത്തിയിരുന്നു. കൊച്ചി തീരത്തെ കടലാക്രമണം പരിഹരിക്കാൻ 344.2കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണ്. പദ്ധതി ഫോർട്ടുകൊച്ചി വരെ നീട്ടുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആളുകളെ മാറ്റിപാർപ്പിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ചെല്ലാനം കൊച്ചി ജനകീയവേദി രംഗത്തുണ്ട്.

 ജില്ലയിൽ 15 വീടുകൾ

സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സെപ്തംബറിൽ ജില്ലയിൽ 15 വീടുകൾ കൈമാറിയിരുന്നു. വൈപ്പിനിൽ പത്തു വീടും കൊച്ചിയിൽ അഞ്ച് വീടുമാണ് നിർമ്മിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ 1398 കോടി രൂപയും സംസ്ഥാന സർക്കാർ വിഹിതമായ 1052 കോടി രൂപയും ഉൾപ്പെടെ 2450 കോടിയാണ് പദ്ധതിയുടെ ചെലവ്.

സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നൽകും.