bibin-ajayan

ആലുവ: ആലുവ ജനസേവയുടെ സന്തോഷ് ട്രോഫി താരം ബിബിൻ അജയനെ കേരള സർക്കാർ അനുമോദിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അനുമോദിച്ചത്. കായിക മന്ത്രി അബ്ദു റഹ്മാൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനുമോദനങ്ങൾ ഏറ്റുവാങ്ങുമ്പോഴും ബിബിൻ അജയന് സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം ഇതുവരെ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടില്ലെന്ന് ജനസേവ സ്ഥാപകൻ ജോസ് മാവേലി പറഞ്ഞു. ബിബിന് അമ്മയെ കൂടാതെ വിവിധ കെയർ ഹോമുകളിലായി കഴിയുന്ന മൂന്ന് സഹോദരിമാരും മൂന്ന് സഹോദരൻമാരുമുണ്ട്. ചെറുപ്പത്തിൽ പിതാവ് ഉപേക്ഷിച്ചതിനെ തുടർന്നാണ് ബിബിനും സഹോദരങ്ങളും 2006 ൽ ജനസേവയിലെത്തിയത്. ജനസേവ സ്‌പോട്‌സ് അക്കാഡമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിൻ ഫുട്‌ബോൾ കളി പഠിച്ചതും വളർന്നു വന്നതും. സ്‌കൂൾതലം തുടങ്ങി ഫുട്‌ബാളിനെ സ്‌നേഹിച്ച ബിബിൻ ഒന്നിലധികം തവണ ജില്ലാ സബ് ജൂനിയർ ഫുട്‌ബാൾ ടീമിന്റെയും സംസ്ഥാന ജൂനിയർ ഫുട്‌ബോൾ ടീമിന്റെയും ക്യാപ്റ്റൻ സ്ഥാനം വഹിച്ചിട്ടുണ്ട്.