jebi-mather

ആലുവ: സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം വീട് നിർമ്മിക്കാൻ കഴിയാത്ത ആലുവ മണ്ഡലത്തിലെ വിധവകൾക്കായി സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമ്മിച്ച 47 -ാമത് വീടിന്റെ താക്കോൽദാനം നടന്നു.

ചൂർണ്ണിക്കര പഞ്ചായത്ത് 7ാം വാർഡിൽ വിധവയും ഒരു പെൺകുട്ടിയുടെ മാതാവുമായ ജയശ്രീക്കാണ് വീട് നിർമ്മിച്ച് നൽകിയത്. പ്രവാസി നാദിർഷ അലി അക്ബർ സ്‌പോൺസർ ചെയ്ത ഭവനത്തിന്റെ താക്കോൽദാനം ജെബി മേത്തർ എം.പി നിർവ്വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്‌പോൺസർ നാദിർഷ അലി അക്ബർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ്, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ജനപ്രതിനിധികളായ ലിസി സെബാസ്റ്റ്യൻ, സതി ഗോപി, മുഹമ്മദ് ഷെഫിഖ്, ഷീല ജോസ്, ആരോമ പ്രസിഡന്റ് അബ്ദുൾ അസ്സിസ്, അഡ്വ. അബ്ദുൾ റാഷിദ്, കെ.കെ. ജമാൽ, സി.പി. നൗഷാദ്, രമണൻ ചേലക്കുന്ന്, പി.എസ്. യുസഫ്, രാജേഷ് പുത്തനങ്ങാടി, അലീഷ ലിനേഷ് എന്നിവർ സംസാരിച്ചു. ജയശ്രീ നന്ദി പറഞ്ഞു.

പദ്ധതിപ്രകാരം പൂർത്തിയായ 46 ഭവനങ്ങൾ കൈമാറുകയും മറ്റു മൂന്ന് ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. സ്‌പോൺസർമാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകൾ പരിഗണിക്കുമെന്ന് എം.എൽ.എ പറഞ്ഞു.