കൊച്ചി: മിൽമയുടെ കേരളത്തിലെ ഏറ്റവും വലിയ ഡയറിയായ എറണാകുളം പൂർണമായും സൗരോർജത്തിലേക്ക്. പ്രതിദിനം രണ്ട് മെഗാ വാട്ട് ഉത്പാദന ശേഷിയുളള സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നതോടെ ഇന്ത്യയിൽ ആദ്യമായി പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡയറി പ്ലാന്റായി മിൽമയുടെ ഇതു മാറും.

പ്രതിദിനം മൂന്നര ലക്ഷം ലിറ്റർ പാലാണ് തൃപ്പൂണിത്തുറ പ്ളാന്റിൽ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പാൽ സംസ്‌കരണ അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽപ്പെടുത്തി 11.50 കോടി രൂപ ചെലവിൽ അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇതു പൂർത്തിയാകുന്നത്. പ്രതിവർഷം 28 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും. ഡയറിയുടെ പ്രവർത്തിനാവശ്യമായ 27.47 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. ബാക്കി 58,000 യൂണിറ്റ് വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകി പ്രതിവർഷം 1.60 കോടി രൂപ ലാഭം നേടുകയാണ് ലക്ഷ്യം.

സോളാർ പവർ പ്ലാന്റ് പദ്ധതിയുടെ ശിലാസ്ഥാപനവും ഇന്ത്യയുടെ പാൽക്കാരൻ ഡോ.വർഗീസ് കുര്യന്റെ പ്രതിമ അനാഛാദനവും അഞ്ചിന് രാവിലെ 10ന് മിൽമ ഇടപ്പള്ളി ഹെഡ് ഓഫീസ് അങ്കണത്തിൽ നടക്കും. ശിലാസ്ഥാപന ഉദ്ഘാടനം കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ഡോ.എൽ. മുരുകൻ നിർവഹിക്കും. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനാകും. 'ഇന്ത്യയുടെ പാൽക്കാരൻ' ഡോ.വർഗീസ് കുര്യന്റെ സ്മരണാർഥം മിൽമ ഹെഡ് ഓഫീസ് കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമ മന്ത്രി ചിഞ്ചുറാണി അനാച്ഛാദനം ചെയ്യും.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡോ.വർഗീസ് കുര്യന്റെ ജീവചരിത്ര പുസ്തകം ക്ഷീരകർഷകർക്ക് നൽകി പ്രകാശനം ചെയ്തു മുഖ്യപ്രഭാഷണം നടത്തും. പ്രതിമ നിർമ്മിച്ച ശില്പിയെ ബെന്നി ബെഹനാൻ എം.പി ആദരിക്കും. ഹൈബി ഈഡൻ എം.പി ഫ്‌ളോറാപ്പ് മെഷീൻ അനുമതി പത്രം നൽകും. കന്നുകാലി ഇൻഷ്വറൻസ് നഷ്ടപരിഹാരത്തുക വിതരണോദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കും. വാർത്താസമ്മേളനത്തിൽ മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത്, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, മാർക്കറ്റിംഗ് മാനേജർ സാജു എന്നിവർ പങ്കെടുത്തു.