മൂവാറ്റുപുഴ: പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി 2022-23 സാമ്പത്തിക വർഷത്തിൽ മൂവാറ്റുപുഴ നഗരസഭ 9.09 കോടി രൂപയുടെ കരട് പദ്ധതിക്ക് രൂപം നൽകി. ഇന്നലെ നടന്ന വികസന സെമിനാറിൽ ഉയർന്നുവന്ന നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കരട് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ പി.പി.എൽദോസ് അറിയിച്ചു.
സമ്പൂർണ്ണ പാർപ്പിട പദ്ധതി ലക്ഷ്യമിട്ട് ഈ സാമ്പത്തിക വർഷം 64 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണത്തിന് 11 ലക്ഷവും ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതിന് ഒമ്പത് ലക്ഷവും അങ്കണവാടികളുടെ നവീകരണത്തിന് 20 ലക്ഷവും ചെലവിടാനാണ് തീരുമാനം.
പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ലാപ്ടോപ്പ്, വയോജനങ്ങൾക്ക് കട്ടിൽ, വാട്ടർ ടാങ്ക്, പ്രീമെട്രിക് ഹോസ്റ്റൽ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 8.75ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂരഹിതർക്ക് ഭൂമി വാങ്ങുന്നതിന് മൂന്നു ലക്ഷം രൂപയും പൈപ്പ്ലൈൻ സ്ഥാപിക്കാൻ 20 ലക്ഷം രൂപയും ഉൾപ്പെടെ 2,70,96,400 രൂപയുടെ പദ്ധതികൾ സേവനമേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശുചിത്വ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കമ്പോസ്റ്റിംഗ് പ്ലാന്റ് പൂർത്തീകരണത്തിന് 25 ലക്ഷം, വാർഡിലെ വിവിധ റോഡുകളുടെ നവീകരണത്തിന് 1,56,66,986 രൂപ, സ്കൂൾ കെട്ടിട നവീകരണത്തിനും അനുബന്ധ പ്രവർത്തനത്തിനും 30 ലക്ഷം, വയോമിത്രം പദ്ധതിക്ക് 12 ലക്ഷം, സ്ത്രീകൾക്ക് മെൻസ്ടുറൽ കപ്പ് ലഭ്യമാക്കുന്നതിന് ഒമ്പത് ലക്ഷം, ജനറൽ ആശുപത്രിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിന് പ്രത്യേക വാർഡിനായി രണ്ടുലക്ഷം, ഡയാലിസിസിന് ധനസഹായം നൽകാൻ രണ്ടുലക്ഷം, ഭിന്നശേഷിക്കാർക്ക് വേണ്ടി ഓഡിയോളജി റൂം ഒരുക്കുന്നതിന് അഞ്ച് ലക്ഷം, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ്പിന് 15 ലക്ഷം, ജനറൽ ആശുപത്രിയുടെ പ്രവർത്തനത്തിന് 25 ലക്ഷം ക്യാൻസർ രോഗികൾക്ക് മരുന്നിന് നാല് ലക്ഷം, ഹോമിയോ, ആയുർവേദ ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നതിന് 27 ലക്ഷം രൂപ എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ എ.ബി.സി.പദ്ധതി നടപ്പാക്കുന്നതിന് രണ്ട് ലക്ഷം രൂപ വകയിരുത്തി. ഉത്പാദന മേഖലയിൽ സമഗ്ര പുരയിട കൃഷി വികസനം, നെൽക്കൃഷി വികസനം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ തുടങ്ങിയവയ്ക്കായി 15,60,000 രൂപയും പദ്ധതിയിൽ ഉൾപ്പെടുത്തി. വികസന സെമിനാർ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിമോൻ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ രാജശ്രീ രാജു, പി.എം. അബ്ദുൽ സലാം, നിസ അഷ്റഫ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് ആര്‍. രാകേഷ് തുടങ്ങിയവർ പ്രസംഗിച്ചു.