കളമശേരി: തൈറോയ്ഡ് ഗ്രന്ഥിക്ക് കാൻസർ ബാധിച്ച് കഴുത്തുമുഴുവൻ നിറഞ്ഞ് താഴെനെഞ്ചിലേക്കും മുകളിൽ മേൽഅണ്ണാക്കുവരെയും വ്യാപിച്ച അവസ്ഥയിലുള്ള രോഗിക്ക് നെഞ്ചിൻകൂട് തുറന്ന് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം. കാലടി ശ്രീമൂലനഗരം സ്വദേശിയായ 49 കാരി ജൂൺ 16ന് തൈറോയ്ഡ് കാൻസർ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രി വിട്ടു. രോഗി സുഖംപ്രാപിച്ചുവരുന്നു.
അതീവ ഗുരുതരാവസ്ഥയിലാണ് രോഗി കാൻസർ സെന്ററിലെത്തിയതെന്ന് ഡയറക്ടർ ഡോ.പി.ജി. ബാലഗോപാൽ പറഞ്ഞു. പരിശോധനയ്ക്കുശേഷം രോഗിക്ക് ശാസ്ത്രക്രിയ നിർദ്ദേശിച്ചു. തുടർന്ന് രോഗി സ്വകാര്യ ആശുപത്രികളെ സമീപിച്ചു. ശസ്ത്രക്രിയക്ക് അഞ്ചുലക്ഷംരൂപ ചെലവ് വരുമെന്ന് അറിഞ്ഞു. അത്ര വലിയതുക കണ്ടെത്താനുള്ള ശേഷി കുടുംബത്തിനുണ്ടായിരുന്നില്ല. വീണ്ടും കാൻസർ സെന്ററിലെത്തി രോഗി തന്റെ സ്ഥിതി ഡോക്ടർമാരെ ബോദ്ധ്യപ്പെടുത്തി. തുടർന്നാണ് സങ്കീർണ്ണമായ ശസ്ത്രക്രിയ ഏറ്റെടുത്ത് നടത്താൻ കാൻസർ സെന്റർ തീരുമാനിച്ചത്.
തൈറോയ്ഡ് ഗ്രന്ഥി നെഞ്ചിലേക്ക് വ്യാപിച്ച് ഹൃദയത്തിലെ രക്തധമനികളെ അമർത്തുന്ന അവസ്ഥയിൽ ആയതിനാൽ ജനറൽ ആശുപത്രിയിലെ കാർഡിയോ തൊറാസിക് സർജൻ ഡോ. ജോർജ് വാഴൂരിന്റെ സഹായംതേടി. കാൻസർ റിസർച്ച് സെന്ററിലെ ഓങ്കോ സർജൻമാരായ ഡോ. സിഷലിസ് എബ്രഹാം, ഡോ. സന്ദീപ് ബഹ്റ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. കെ ആർ രവി, നഴ്സുമാരായ സിൽജി കെ.ഐസക്, അനസ്തേഷ്യ ടെക്‌നിഷ്യൻ ബി.വി നിത്യ, ഒ.ടി ടെക്നീഷ്യൻ അലീന രമേഷ് എന്നിവരടങ്ങിയ ടീമായിരുന്നു ശസ്ത്രക്രിയക്ക് നേതത്വംനൽകിയത്.. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ശസ്ത്രക്രിയ നടത്തിയതിനാൽ രോഗിക്ക് സാമ്പത്തിക ബാദ്ധ്യത ഉണ്ടായില്ല.
കാൻസർ സെന്ററിന് സ്വന്തമായി ഓപ്പറേഷൻ തിയേറ്റർ പോലുമില്ലാത്തതിനാൽ മെഡിക്കൽ കോളേജിന്റെ തിയേറ്ററിലാണ് ശസ്ത്രക്രിയകൾ നടത്തുന്നത്.