njanjalum-krishiyilek

ആലങ്ങാട്: കളമശേരിയിലെ കാർഷിക ഉത്പ്പന്നങ്ങൾക്ക് ഓൺലൈൻ വിപണന സംവിധാനം ഒരുക്കുമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന 'നമ്മളും കൃഷിയിലേക്ക്' പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നീറിക്കോട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കെ-ഡിസ്‌ക്ക് രൂപകല്പന ചെയ്യുന്ന ആപ്പിന്റെ സഹായത്തോടെ ഉത്പ്പനങ്ങൾക്ക് വിപുലമായ വിപണി ഒരുക്കും. കൃഷി രീതിയും ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും സംബന്ധിച്ച വിവരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ആപ്പിൽ ലഭ്യമായിരിക്കും. വിളകൾ ശേഖരിക്കുന്നതിനായി ശീതീകരിച്ച വാഹനങ്ങൾ, സംഭരണ കേന്ദ്രങ്ങൾ വിപണിയിലെത്തിക്കാനുള്ള സംവിധാനങ്ങളും ഒരുക്കും.

മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് സർക്കാർ സ്വകാര്യ മേഖലകളിലായി രണ്ട് ഫുട് പ്രോസസിംഗ് പാർക്കുകൾ നിർമ്മിക്കും. സ്വകാര്യ മേഖലയിലെ ഫുട് പ്രോസസിംഗ് പാർക്ക് കളമശേരിയിൽ ലുലു ഗ്രൂപ്പ് ഉടൻ ആരംഭിക്കും. കരുമാല്ലൂരിലെ ഖാദി യൂണിറ്റിന്റെ കെട്ടിടത്തിൽ റെഡിമെയ്ഡ് ഖാദി ഉത്പ്പന്നങ്ങളുടെ വില്പനയും സംസ്‌കരിച്ച ഭക്ഷ്യ ഉത്പ്പന്ന നിർമ്മാണവും ആരംഭിക്കും.

കളമശേരിയിലെ കാർഷിക മുന്നേറ്റത്തിനായി നടപ്പാക്കുന്ന 'കൃഷിക്കൊപ്പം കളശേരി' പദ്ധതി നടത്തിപ്പിനായി വിവിധ വകുപ്പുകളുമായി ആലോചനകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. യേശുദാസ പറപ്പിള്ളി, കെ.വി. രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഷ് മുട്ടത്തിൽ, ശ്രീലത ലാലു, കൊച്ചുറാണി ജോസഫ്, ലീലാ ബാബു, ലത പുരുഷൻ, എം.ആർ. രാധാകൃഷ്ണൻ, ജയശ്രീ ഗോപീകൃഷ്ണൻ, വി.ബി. ജബ്ബാർ, കെ.ജി. ഹരി, പി.എ. ജോളി, സി.എസ്. ദിലീപ് കുമാർ, കെ.കെ. സുബ്രഹ്‌മണ്യൻ, ഡേവിസ് ചക്കിശേരി, എ. രാജി ജോസ്, പ്രഫ. ദീപ തോമസ്, തോമസ് സാമുവൽ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിത്ത്, വളം, കാർഷിക ഉത്പ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും കലാപരിപാടികളും നടന്നു.