
കാലടി: സംസ്ഥാനത്തെ ഏറ്റവും മികച്ച ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റർ ഷീൽഡ് മാണിക്യമംഗലം എൻ .എസ്. എസ്. ഹയർ സെക്കൻഡറി സ്കൂൾ നേടി. 2019-2021 വർഷങ്ങളിലെ ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള മത്സരത്തിലാണ് മാണിക്യമംഗലം യൂണിറ്റിന് ഒന്നാം സ്ഥാനം ലഭിച്ചത്. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് സംസ്ഥാനത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്. ലഹരി വസ്തുക്കൾക്കെതിരെയുള്ള പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും പെയിൻ ആൻഡ് പാലിയേറ്റിവ് കെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, രക്തദാന പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്കായാണ് പുരസ്കാരം. യൂണിറ്റിന്റെ നേതൃത്വത്തിൽ പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി. അദ്ധ്യാപകരായ സ്കൗട്ട് മാസ്റ്റർ രഘു. പി, ഗൈഡ് ക്യാപ്റ്റൻ സരിത വി. എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.