തൃക്കാക്കര: പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമല കോളനി നിവാസികളുടെ ദുരിതത്തിന് അറുതിയാകുന്നു. കീരേലിമലയിലെ അൻപത്തി ആറ് കോളനിയിലെ ആറ് കുടുംബങ്ങളെയും ഇരുപത്തി ഒന്ന് കോളനിയിലെ ഏഴ് കുടുംബങ്ങളെയും മാറ്റിപാർപ്പിക്കാൻ തീരുമാനമായി. ഈ കുടുംബങ്ങളോട് താത്‌കാലികമായി വാടക വീടുകളിലേക്ക് മാറാൻ നിർദേശിച്ചു. കുടുംബങ്ങൾക്ക് മൂന്ന് മാസത്തേക്ക് നഗരസഭ പ്രതിമാസം 5,000 രൂപ വാടക നൽകണമെന്ന് കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ പുലർച്ചെ പ്രദേശത്ത് വൻതോതിൽ മണ്ണിടിഞ്ഞതോടെയാണ് ജില്ലാ കളക്ടർ ജാഫർ മാലിക്ക് ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. മൂന്ന് മാസത്തിനുശേഷം വീണ്ടും കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. മണ്ണിടിച്ചിൽ ഉള്ള മേഖലയിലെ കുടുംബങ്ങളെ കാക്കനാട് വില്ലേജിലെ പൊയ്യച്ചിറ കളത്തിന് സമീപത്തെ 50 സെന്റ് റവന്യു പുറമ്പോക്ക് ഭൂമിയിൽ പുനരധിവസിപ്പിക്കുന്നതിന് തീരുമാനിച്ചിരുന്നു. ഈ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചശേഷം വീടുകൾ നിർമ്മിക്കുന്നതിന്റെ ആദ്യ ഗഡുവായി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 95,100 രൂപ വീതം 13 കുടുംബങ്ങൾക്ക് (ആകെ തുക 12,36,300 രൂപ) നൽകും. ഓരോ കുടുംബത്തിനും അവശേഷിച്ച തുകയായ 3,04,900 രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് (ആകെ 39, 63,700 രൂപ ) നൽകുന്നതിനും സർക്കാർ ഉത്തരവായി. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ, വാർഡ് കൗൺസിലർ എം.ജെ. ഡിക്സൺ, നഗരസഭാ അസി.എൻജിനിയർ സുജകുമാരി, കോളനി നിവാസികളുടെ പ്രതിനിധി കെ.ആർ. മഞ്ജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.