ആലുവ: കാപ്പ ചുമത്തി ജയിലിലടച്ച രണ്ട് പ്രതികളുടെ അപ്പീൽ കാപ്പ ഉപദേശകസമിതി തളളി. നിരന്തര കുറ്റവാളികളായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് - 38), പള്ളിപ്പുറം ചെറായി വാടേപ്പറമ്പിൽ രാജേഷ് (തൊരപ്പൻ രാജേഷ് - 51) എന്നിവരുടെ അപ്പീലുകളാണ് തള്ളിയത്.
കാലടി സനൽ വധക്കേസിലെ പ്രതിയായ രതീഷ് കൊലപാതകശ്രമം, ആയുധം കൈവശംവയ്ക്കൽ, സ്‌ഫോടകവസ്തു നിയമം, മതസ്പർദ്ധ വളർത്തൽ തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. വീടുകയറി ആക്രമണം, കവർച്ച, അടിപിടി, പൊലീസിനെ ആക്രമിക്കൽ തുടങ്ങി മുപ്പതോളം കേസുകൾ രാജേഷിൻറെ പേരിലുണ്ട്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.