photo

വൈപ്പിൻ: വരുമാനം ഉറപ്പാക്കുന്ന സർക്കാരിന്റെ സംരഭകത്വ പദ്ധതികൾ പാഴായിപ്പോകാതെ പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെറ കീഴിൽ ഡി.എം.ഇ. പദ്ധതിപ്രകാരം ഞാറക്കൽ ആറാട്ടുവഴിയിൽ എ. കെ. പി. ആക്റ്റിവിറ്റി ഗ്രൂപ്പിന്റെ ഫ്‌ളവർമിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളെ മുഖ്യധാരയിൽ എത്തിക്കാൻ രൂപീകൃതമായ സാഫിന്റെ കീഴിലെ സംരംഭകത്വ പദ്ധതിയിൽ 75 ശതമാനവും സർക്കാർ സബ്‌സിഡിയായി ലഭിക്കും. എ. കെ. പി. ആക്റ്റിവിറ്റി ഗ്രൂപ്പിലെ കല, കവിത,സോഫി എന്നിവരാണ് ഫ്‌ളവർമിൽ സംരംഭത്തിന് പിന്നിൽ.
പഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. സാഫ് അസിസ്റ്റന്റ് നോഡൽ ഓഫീസർ എം. എൻ. സുലേഖ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാജു, സജീഷ് മങ്ങാടൻ, സി.ലില്ലിപോൾ, സീതാലക്ഷ്മി, സാഫ് മിഷൻ കോ ഓർഡിനേറ്റർമാരായ പ്രീത സാലു, ജിബിത സുമേഷ്, സംരംഭകരായ കല, കവിത എന്നിവർ പ്രസംഗിച്ചു.