പള്ളുരുത്തി: കച്ചേരിപ്പടി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് രോഗികളെ വലയ്ക്കുന്നു.എം.സ്വരാജ് എം.എൽ.എ ആയിരുന്ന കാലത്ത് 85 ലക്ഷം രൂപ മുടക്കിയാണ് ആശുപത്രിയുടെ മുൻവശത്ത് ബ്ലോക്ക് തുറന്നത്. എന്നിട്ടും രോഗികൾ പലരും കൂടുതൽ തുക നൽകി സ്വകാര്യ ആശുപത്രിയിലാണ് ഡയാലിസിസ് നടത്തുന്നത്.
നൂറു കണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പള്ളുരുത്തി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി, കണ്ണമാലി തുടങ്ങിയ മേഖലയിലെ ഏക ആശയമാണ് കച്ചേരിപ്പടി താലൂക്ക് ആശുപത്രി. കച്ചേരിപ്പടിയിലെ ആശുപത്രി പരാധീനതയിൽ വലയുമ്പോൾ പലരും ചികിത്സക്കായി കരുവേലിപ്പടി, എറണാകുളം ജനറൽ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കച്ചേരിപ്പടി ആശുപത്രിയിൽ
20 രൂപക്ക് ലാബിൽ ടെസ്റ്റുകൾ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും മിനിമം ചാർജ് 150 രൂപയാണ് ഇവിടെ. ഉച്ചവരെയുള്ള ഒ.പി.വിഭാഗം കഴിഞ്ഞാൽ പിന്നെ ആശുപത്രി ശൂന്യമാണ്. കിടത്തി ചികിത്സ വേണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ സമരം നടത്തിയെങ്കിലും നാളിതുവരെ ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. ഓപ്പറേഷൻ തിയേറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ആശുപത്രി സന്ദർശിച്ചപ്പോൾ ഉറപ്പ് നൽകിയെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് രോഗികളുടെ ആവശ്യം.