ഫോർട്ടുകൊച്ചി:ഫോർട്ടുകൊച്ചി, വൈപ്പിൻ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ബസുകൾ കയറാത്തതിനാൽ യാത്രക്കാർ വലയുന്നു.

വൈകുന്നേരങ്ങളിൽ മിക്ക ബസുകളും ഫോർട്ടുകൊച്ചി വെളിയിൽ നിന്നും സ്റ്റാൻഡിൽ വരാതെ തിരിച്ചുപോകുകയാണ്. അതുപോലെ തന്നെ വൈപ്പിനിലേക്ക് എത്തിച്ചേരണ്ട മിക്ക ബസുകളും ഗോശ്രീ ജംഗ്ഷനിൽ നിന്നും തിരിച്ചുപോകുന്നതായും യാത്രക്കാർ പരാതിപ്പെടുന്നു.റോ-റോ യാത്രക്കാർ ഇരുകരയിലും ബസ് കാത്ത് മണിക്കൂറുകൾ നിൽക്കേണ്ട അവസ്ഥയാണ്. പലരും ഓട്ടോറിക്ഷയ്ക്ക് കൂടുതൽ തുക നൽകിയാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത്. മഴക്കാലമായതിനാൽ വിദ്യാർത്ഥികളും തൊഴിലാളികളുമാണ് കഷ്ടത്തിലാകുന്നത്. പള്ളുരുത്തി ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന പല സ്വകാര്യ ബസുകളും ബി.ഒ.ടി. പാലത്തിനു സമീപത്തെ ഹാൾട്ടിൽ എത്തി മടങ്ങിപ്പോവുകയാണ് പതിവ്. കുമ്പളങ്ങി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസുകൾ പെരുമ്പടപ്പ് സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു. വിഷയത്തിൽ ജോയിന്റ് ആർ.ടി.ഒ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ബസ്‌ സ്റ്റാൻഡിലേക്ക് വരാതെ പാതി വഴിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസുകളുടെ പെർമ്മിറ്റ് റദ്ദ് ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.