bridg

കോതമംഗലം: രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പൂയംകുട്ടി മണികണ്ടംചാൽ മേഖലയിൽ വെള്ളപ്പൊക്കവും വ്യാപക കൃഷിനാശവും. മഴ കടുത്തതോടെ മണികണ്ടംചാൽ ചപ്പാത്ത് മുങ്ങിയത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിച്ചു.

നാലോളം ആദിവാസി കുടികളിലേക്കും മലയോര ഗ്രാമമായ മണികണ്ടം ചാലിലേക്കും ഉള്ള ഏക മാർഗമാണ് ചപ്പാത്ത്. ചപ്പാത്തിലൂടെ യാത്ര മുടങ്ങിയതോടെ മണികണ്ടംചാൽ മറ്റു മേഖലകളിൽ നിന്ന് ഒറ്റപ്പെട്ടു.മണികണ്ടംചാലിൽ നിന്ന് പുറത്തേക്ക് പോകാനോ പുറത്ത് പോയവർക്ക് തിരിച്ചെത്താനോ സാധിക്കുന്നില്ല. മണികണ്ടംചാലിന് പുറത്തേക്ക് പോയവർ ബന്ധു വീടുകളിൽ തങ്ങുകയാണ് പതിവ്. രോഗബാധിതരെ മറുകരയിൽ എത്തിക്കാനും മറ്റു മാർഗങ്ങളില്ല. മഴക്കാലത്ത് അത്യാവശ്യ സർവീസിനായി ഉപയോഗിച്ചിരുന്ന പഞ്ചായത്ത് വക വഞ്ചി അറ്റകുറ്റപ്പണികൾ തീർക്കാത്തതിനാൽ ഒതുക്കിയിട്ടിരിക്കുകയാണ്.

മണികണ്ടംചാലിൽപുതിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാലത്തിനായി നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തും ഉടൻ പാലം നിർമ്മിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ പറഞ്ഞെങ്കിലും പാഴ്വാക്കായി. മഴ കനത്താൽ അത്യാവശ്യക്കാർക്ക് പോകാൻ വഞ്ചി തയാറാക്കുമെന്ന് അധികൃതർ പറയുന്നുണ്ട്. എന്നാൽ പാലം നിർമ്മിച്ച് ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.