nikathal-karumaloor-copy

പറവൂർ: ആനച്ചാൽ പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾ തിങ്ങിനിറഞ്ഞ തണ്ണീർത്തടം നികത്തിയ സംഭവത്തിൽ പറവൂർ താലൂക്ക് സഭയിൽ പ്രതിഷേധം. കോൺഗ്രസ് പ്രതിനിധി എം.പി. റഷീദാണ് പ്രതിഷേധം ഉന്നയിച്ചത്. തുടർന്ന് ജില്ലാ കളക്ടറോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുമെന്ന് തഹസിൽദാർ അറിയിച്ചു. വിശദമായ പരിശോധനയുടെ ഭാഗമായി കോടനാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടുത്ത ദിവസം വീണ്ടും പരിശോധനയ്ക്കായി എത്തുമെന്ന് ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ആർ. അജയൻ പറഞ്ഞു.

കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡ് പരിധിയിൽ ആനച്ചാൽ പുഴയോടു ചേർന്നുള്ള 16 ഏക്കർ തണ്ണീർത്തടമാണ് നികത്താൻ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതരും പഞ്ചായത്തും സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തണ്ണീർത്തടം നികത്തി ഗോഡൗൺ പണിയാനുള്ള നീക്കത്തിനെതിരെ കോട്ടുവള്ളി പഞ്ചായത്ത് അധികൃതർ കാരണം കാണിക്കാൻ നോട്ടിസ് നൽകിയിരുന്നു.

കൃത്യമായ കാരണം കാണിച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും രണ്ടാഴ്ച പിന്നിട്ടിട്ടും ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. തുച്ഛമായ ഭൂമി മാത്രം തരംമാറ്റി കാണിച്ചാണു പതിനാറ് ഏക്കർ വരുന്ന തണ്ണീർത്തടം നികത്താൻ തുടങ്ങിയത്. അമ്പതിലധികം ലോഡ് മണ്ണ് ഇവിടെ ഇറക്കിയിട്ടുണ്ട്. തണ്ണീർത്തടം നികത്തുന്നതു തടഞ്ഞു കൊണ്ടു കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറി നൽകിയ സ്റ്റോപ് മെമ്മോ പിൻവലിക്കാൻ പഞ്ചായത്ത് ഭരണസമിതി സമ്മർദ്ധം ചെല്ലുന്നതായും ആക്ഷേപമുണ്ട്. അടുത്ത പഞ്ചായത്ത് കമ്മിറ്റി അജഡയിൽ ഉൾപ്പെടുത്താൻ വിഷയം ചർച്ച ചെയ്തേകും.