
കൊച്ചി: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി. നാളെ രാവിലെ 11ന് എറണാകുളം പൊലീസ് ക്ലബിൽ ഹാജരാകാനാണ് നിർദ്ദേശം. കഴിഞ്ഞ തിങ്കഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇവർ എത്തിയിരുന്നില്ല. പകരം ഇ.ഡിക്ക് മുന്നിൽ ഹാജരായി. ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട സ്വപ്ന, നാളെ ഹാജരാകാൻ കഴിയില്ലെന്ന തരത്തിലാണ് സംസാരിച്ചത്. ഇ.ഡിയുടെ ചോദ്യം ചെയ്യൽ തടസപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അതേസമയം തന്നെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുന്നതെന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.
ഗൂഢാലോചന കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഒരാഴ്ചമുമ്പ് സ്വപ്‌നയ്ക്ക് പ്രത്യേകസംഘം നോട്ടീസ് നൽകിയിരുന്നു. സാവകാശം തേടുകയോ മറുപടി നൽകുകയോ ചെയ്യാതെയാണ് സ്വപ്‌ന ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിന്നത്. ഗൂഢാലോചന കേസ് അന്വേഷകസംഘം നോട്ടീസ് നൽകിയശേഷമാണ് ഇ.ഡിയുടെ നോട്ടീസ് സ്വപ്‌നയ്ക്ക് കിട്ടിയത്. ഇ.ഡി ഓഫീസിൽ കൃത്യസമയത്ത് സ്വപ്‌ന ഹാജരായി. രഹസ്യമൊഴിയുടെ ഭാഗമായുള്ള മൊഴിയെടുക്കൽ എന്ന പേരിലാണ് സ്വപ്‌നയെ ഇ.ഡി വിളിപ്പിച്ചത്. മുമ്പ് പല തവണ ഇ.ഡി സ്വപ്‌നയെ ചോദ്യം ചെയ്തിരുന്നു. എന്നിട്ടും പ്രത്യേക അന്വേഷകസംഘം വിളിപ്പിച്ച ദിവസംതന്നെ ഹാജരാകാൻ ഇ.ഡി സ്വപ്‌നയോട് ആവശ്യപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷക സംഘമാണ് സ്വപ്‌നയെ ചോദ്യം ചെയ്യുക.