bsnl

# പുതിയ കോടതി സമുച്ചയത്തിന് 12 കോടി

ആലുവ: 12 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന കെട്ടിട സമുച്ചയ നിർമ്മാണത്തിന് മുന്നോടിയായി ആലുവയിലെ കോടതികൾ ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്ക് മാറ്റാൻ നടപടിയാരംഭിച്ചു. രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയുമാണ് താത്കാലികമായി മാറ്റുന്നത്.

ആലുവയ്ക്ക് അനുവദിച്ച പോസ്‌കോ കോടതി സീനത്ത് ജംഗ്ഷനിലെ താത്കാലിക കെട്ടിടത്തിലാണ് കഴിഞ്ഞ വർഷം മുതൽ പ്രവർത്തിക്കുന്നത്. അത് അവിടെ തന്നെ നിലനിൽക്കും. പുതിയ കെട്ടിക സമുച്ചയം പൂർത്തിയാകുമ്പോൾ പോക്സോ കോടതിയും ഇങ്ങോട്ട് മാറ്റും. നിലവിൽ ടെലിഫോൺ എക്‌ചേഞ്ച്, ഉപഭോക്തൃ വിഭാഗം എന്നിവ നിലനിർത്തിയാണ് പ്രധാന കെട്ടിടത്തിൽ കോടതി താത്കാലികമായി പ്രവർത്തിക്കുക.

നിലവിലുള്ള കോടതിയും മജിസ്‌ട്രേറ്റ്മാരുടെ ക്വാർട്ടേഴ്‌സും പ്രവർത്തിക്കുന്ന 85 സെന്റ് സ്ഥലത്ത് പഴയ കെട്ടിടങ്ങൾ പൊളിച്ചാണ് പുതിയ കോടതി നിർമ്മിക്കുക. 80,000 ചതുരശ്ര അടി വിസ്തീർണത്തിൽ അഞ്ചു നില കെട്ടിടമാണ് നിർമ്മിക്കുന്നത്.

ബി.എസ്.എൻ.എൽ കെട്ടിടം കൈമാറുന്ന നടപടികൾ ഉടൻ പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡിജിറ്റൽ സാങ്കേതിക വിദ്യ വന്നതോടെ കെട്ടിടത്തിൻെറ പല ഭാഗങ്ങളും വെറുതെ കിടക്കുകയാണ്. അതിനാൽ കെട്ടിട വാടകയിലൂടെ ആധികവരുമാനം ലഭിക്കുന്നതിനാൽ ബി.എസ്.എൻ.എൽ അനുകൂല നിലപാടിലാണ്. ഡൽഹിയിലെ ഓഫീസിൻെറ അനുമതിയാണ് ഇനി വേണ്ടത്. കോടതിക്ക് സമീപം ഇ.എസ്.ഐ റോഡിലാണ് ബി.എസ്.എൻ.എൽ ഓഫീസ് കെട്ടിടം.

പുതിയ കോടതി കെട്ടിടത്തിനുള്ള രൂപരേഖ പൊതുമരാമത്ത് വകുപ്പാണ് തയ്യാറാക്കിയത്. മജിസ്‌ട്രേട്ടുമാർക്കായി ഫ്ളാറ്റ് മാതൃകയിലുള്ള ക്വാർട്ടേഴ്‌സ് കെട്ടിട സമുച്ചയത്തോട് ചേർന്നാണ് രൂപരേഖയിലുള്ളത്. അതിൽ മാറ്റം വരാൻ നിർദ്ദേശം വന്നതിനാൽ പുതിയ കെട്ടിട പ്ലാൻ തയ്യാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്.