
2019ൽ 145, 2022 മേയിൽ 8,286
കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര പരാതിപരിഹാര സെല്ലുകളുടെ (ഐ.സി) എണ്ണത്തിൽ വൻവർദ്ധന. 2019 ജനുവരിയിൽ 145 ആയിരുന്നത് 60മടങ്ങോളം വർദ്ധിച്ച് 2022 മേയിൽ 8,286ലെത്തി. പീഡനമുൾപ്പെടെ വനിതകളുടെ പരാതികൾ കൈകാര്യംചെയ്യേണ്ട ഐ.സി സെല്ലുകളുടെ നോഡൽ വിംഗായ വനിതാ ശിശുവികസനവകുപ്പിന്റെ കണക്കാണിത്. സിനിമാമേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് അടുത്തിടെ 27അംഗ ആഭ്യന്തര പരാതിപരിഹാരസമിതിയും രൂപീകരിച്ചു. സംസ്ഥാനത്തെ ആകെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ കണക്കനുസരിച്ച് ഈ സംഖ്യ ഒന്നുമല്ലെങ്കിലും ഇത്രയേറെ വർദ്ധന കൗതുകകരമാണ്.
പരാതി ലഭിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ നടപടിയുണ്ടാകണമെന്നാണ് നിയമം. ഐ.സി രൂപീകരിക്കാൻ പഞ്ചായത്ത് തലത്തിൽ ലോക്കൽ കമ്മിറ്റി ചെയർപേഴ്‌സണെയും അംഗങ്ങളെയും നിയമിക്കാനും ഇവരുടെ സിറ്റിംഗ് ഫീസും യാത്രാബത്തയുമായി യഥാക്രമം 1,000 രൂപയും 750 രൂപയും നൽകാനും ശുപാർശയുണ്ടായിരുന്നു. ഇതൊന്നും ഇതുവരെ നടപ്പായിട്ടില്ല.
കൊച്ചി സ്വദേശി ജേക്കബ് സന്തോഷ് വനിതാ ശിശുവികസന വകുപ്പിന് നൽകിയ പരാതിയെത്തുടർന്ന് നടന്ന അന്വേഷണത്തിൽ 2020ൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പിന്റെ വെബ്‌സൈറ്റിലെ ഷീബോക്‌സ് എന്ന പരാതി സമർപ്പിക്കാനുള്ള ഇടത്തിന് സംസ്ഥാനത്ത് നോഡൽ ഓഫീസറെ നിയമിക്കുകയും ചെയ്തിരുന്നു.
ഐ.സി.സികൾ കൂടാൻ കാരണം
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ പരാതികൾ വർദ്ധിച്ചതും കേരള, ഡൽഹി, മുംബയ് ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും ഇടപെടലുകളും.
ഐ.സി.സികൾ രൂപീകരിച്ച സ്ഥാപനങ്ങളിൽ ചിലത്
1. ഡയറക്ടറേറ്ററ് ഒഫ് അനിമൽ ഹസ്ബൻഡറി, തിരുവനന്തപുരം
2. ഡയറക്ടറേറ്റ് ഒഫ് വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ, തിരുവനന്തപുരം
3. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസ്, തിരുവനന്തപുരം
4. ഗവ. നഴ്സിംഗ് മെഡിക്കൽ കോളേജ്, തൃശൂർ
5. ഡയറക്ടറേറ്റ് ഒഫ് ട്രഷറീസ്, തിരുവനന്തപുരം
6. എക്സൈസ് കമ്മീഷണറേറ്റ്, തിരുവനന്തപുരം
7. പഞ്ചായത്ത് ഡയറക്ടറേറ്റ്, തിരുവനന്തപുരം
8. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ കാര്യാലയങ്ങൾ
9. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കണ്ണൂർ ചൈൽഡ് ഡെവലപ്മെന്റ് ഓഫീസുകൾ
10. വിവിധ ജില്ലകളിലെ പോളിടെക്നിക്കുകളും ഐ.ടി.ഐകളും ഉൾപ്പെടെ മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
11. തിരുവനന്തപുരം, തലശേരി, പെരുമ്പാവൂർ, ഗുരുവായൂർ, പന്തളം, കൽപ്പറ്റ തുടങ്ങി 25ലേറെ നഗരസഭകൾ
12. ഇടുക്കി, തൃശൂർ ഉൾപ്പെടെ പത്തോളം താലൂക്ക് സപ്ലൈ ഓഫീസുകൾ.
 ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ രൂപീകരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് പരിശീലനങ്ങളും ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. നോഡൽ ഓഫീസുകൾ മുഖേന പ്രവർത്തനങ്ങൾ ശക്തമാക്കും.
ബിന്ദു ഗോപിനാഥ്
അഡീഷണൽ ഡയറക്ടർ
വനിതാ ശിശുവികസന വകുപ്പ്