army

കൊച്ചി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായി നടത്തിയ സെലക്‌ഷൻ നടപടികൾ 'അഗ്നിപഥി'ന്റെ പേരിൽ റദ്ദാക്കരുതെന്നാവശ്യപ്പെട്ട് ഇടുക്കി സ്വദേശി എബിമോൻ വർഗീസ് ഉൾപ്പെടെ 23 ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ആർമിയിലെ തസ്തികകളിൽ നിയമനത്തിനായി 2020 ഒക്ടോബർ 21നു പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം അപേക്ഷ നൽകിയവരാണ് ഹർജിക്കാർ. ഇവരുടെ ശാരീരികക്ഷമതാ പരിശോധന 2021 ഫെബ്രുവരി 28ന് പൂർത്തിയാക്കി. എൻ.സി.സിയുടെ സി സർട്ടിഫിക്കറ്റുള്ള ഹർജിക്കാർ സൈനിക പ്രവേശനത്തിനുള്ള പൊതു പരീക്ഷയ്ക്കു തയ്യാറെടുക്കുകയും ചെയ്തു. 2021 ഏപ്രിൽ 25നു നടത്താനിരുന്ന പരീക്ഷ കൊവിഡ് കാരണം ജൂലായ് 25ലേക്ക് മാറ്റി. ഇതിനിടെ എൻ.സി.സി സർട്ടിഫിക്കറ്റുള്ളവർ പരീക്ഷ എഴുതേണ്ടതില്ലെന്ന് അറിയിപ്പും ലഭിച്ചു. സൈന്യത്തിൽ പ്രവേശനം ഉറപ്പിച്ച് കാത്തിരിക്കുമ്പോഴാണ് അഗ്നിപഥ് പദ്ധതി കേന്ദ്രം നടപ്പാക്കിയതെന്ന് ഹർജിക്കാർ പറയുന്നു.