
തൃക്കാക്കര: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫ്രഞ്ചുകാരൻ മെർസിയർ പിയറി (77) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലും കളമശേരി മെഡിക്കൽ കോളേജിലും ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില മോശമായതിനെത്തുടർന്ന് ശനിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
വിനോദസഞ്ചാരിയായ മെർസിയറെ കടുത്ത പനിയെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിനെ സമീപത്തെ ഹോട്ടലിൽനിന്ന് ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് ഇവിടെനിന്ന് മാറ്റിയത്. ഹൃദ്രോഗിയായ മെർസിയർ പിയറിന് അമിത രക്തസമ്മർദത്തെത്തുടർന്ന് തലച്ചോറിൽ രക്തസ്രാവവുമുണ്ടായി. ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടത്തും. സംസ്കാരം എവിടെ നടത്തണമെന്നുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. എറണാകുളത്തെ ട്രാവൽ ഏജന്റ് മുഖേന ഫ്രാൻസിലെ ബന്ധുക്കളുമായി പൊലീസ് ബന്ധപ്പെട്ടുവരുന്നു.